ന്യൂഡൽഹി: സഭയിൽ ശക്തമായി ഇടപെടുന്ന കേരളത്തിലെ എം.പിമാർക്ക് സോണിയാ ഗാന്ധിയുടെ അഭിനന്ദനം. മൂന്നൂറിലേറെയുള്ള ഭരണപക്ഷവുമായി പിടിച്ചു നിൽക്കാൻ 52 അംഗങ്ങൾ മാത്രമുള്ള കോൺഗ്രസിന് കേരളത്തിലെ അംഗങ്ങളുടെ ഇടപെടലുകൾ സഹായകമാകുന്നുണ്ടെന്ന് കേരളത്തിൽ നിന്നുള്ള ഒരു നേതാവിനോട് സോണിയ പറഞ്ഞു.
കാശ്‌മീരിൽ നെഹ്‌റുവിന്റെ നയങ്ങൾ പരാജയപ്പെട്ടെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്‌താവനയെയും യു.പി.എ നയങ്ങളെ പരിഹസിക്കുന്ന ഭരണപക്ഷത്തിന്റെ നിലപാടുകളെയും ചെറുക്കാൻ കേരളത്തിലെ കോൺഗ്രസ് അംഗങ്ങളാണ് മുന്നിൽ നിന്നത്. ചീഫ് വിപ്പായ കൊടിക്കുന്നിൽ സുരേഷിനൊപ്പം ചെറുപ്പക്കാരും നവാഗതരുമായ ടി.എൻ. പ്രതാപൻ, ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, വി. കെ. ശ്രീകണ്ഠൻ, രമ്യാഹരിദാസ്, മുതിർന്ന അംഗങ്ങളായ ശശി തരൂർ,ആന്റോ ആന്റണി, എം.കെ. രാഘവൻ, കെ.മുരളീധരൻ, കെ.സുധാകരൻ, അടൂർ പ്രകാശ്, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവരാണ് കോൺഗ്രസ് പക്ഷത്തെ സജീവമാക്കുന്നത്. മന്ത്രിമാരോട് ചോദ്യങ്ങൾ ചോദിക്കുന്നതിലും സംസ്ഥാന വിഷയങ്ങൾ സഭയിൽ ഉന്നയിക്കുന്നതിലും ഇവർ മുന്നിലാണ്.
കർണാടക വിഷയത്തിൽ പാർലമെന്റിനു വെളിയിൽ പ്രതിഷേധം നിർദ്ദേശിച്ചതും ഇവരാണ്. തുടർന്നാണ് സി.പി.എം, സി.പി.ഐ അടക്കമുള്ള പ്രതിപക്ഷ അംഗങ്ങളെ സംഘടിപ്പിച്ച് സോണിയയുടെയും രാഹുലിന്റെയും നേതൃത്വത്തിൽ ഗാന്ധി പ്രതിമയ്‌ക്കു മുന്നിൽ പ്രതിഷേധിച്ചത്. സോണിയാഗാന്ധിയെ എപ്പോഴും സഭയിൽ കാണാം. പ്രതിപക്ഷം ഇടപെടേണ്ട വിഷയങ്ങളിൽ അവർ എം.പിമാർക്ക് കൃത്യമായ നിർദ്ദേശം നൽകുന്നുണ്ട്. കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവച്ചെങ്കിലും സഭയിൽ സജീവമാകുമെന്ന സൂചന നൽകി രാഹുൽ ഗാന്ധി ഇന്നലെ വയനാട്ടിലെ കർഷക ആത്മഹത്യ ഉന്നയിച്ചത് കോൺഗ്രസിന് ഉണർവ്വേകി.