 ചന്ദ്രകാന്ത് കാവലേക്കർ ഉപമുഖ്യമന്ത്രിയായേക്കും

ന്യൂഡൽഹി: ഗോവയിൽ കോൺഗ്രസിൽ നിന്ന് രാജിവച്ച പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവലേക്കർ അടക്കം പത്ത് എം. എൽ. എമാർ ഇന്നലെ ഡൽഹിയിലെത്തി ബി.ജെ.പി അംഗത്വമെടുത്തു. ബി.ജെ.പി നേതാവും ഗോവ മുഖ്യമന്ത്രിയുമായ പ്രമോദ് സാവന്തിനൊപ്പം എത്തിയ എം.എൽ.എമാർ പാർലമെന്റിൽ ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. തുടർന്ന് വർക്കിംഗ് പ്രസിഡന്റ് ജെ.പി. നദ്ദയുടെ സാന്നിദ്ധ്യത്തിലാണ് അംഗത്വമെടുത്തത്.

പത്ത് കോൺഗ്രസ് എം.എൽ.എമാർ നിരുപാധികമായാണ് ബി. ജെ. പിയിൽ ചേർന്നതെന്ന് പ്രമോദ് സാവന്ത് പറഞ്ഞെങ്കിലും പ്രതിപക്ഷ നേതാവായിരുന്ന ചന്ദ്രകാന്ത് കാവലേക്കറിന് ഉപമുഖ്യമന്ത്രി പദം നൽകുമെന്ന് സൂചനയുണ്ട്. ഉടൻ മന്ത്രിസഭാ പുനഃസംഘടനയുണ്ടാകും.

നാൽപ്പതംഗ ഗോവ നിയമസഭയിൽ കോൺഗ്രസ് എം.എൽ.എമാർ കൂടി ചേർന്നതോടെ ബി.ജെ.പിയുടെ അംഗബലം 27 ആയി ഉയർന്നു. 17 എം.എൽ.എമാരുണ്ടായിരുന്ന ബി.ജെ.പി സഖ്യകക്ഷിയായ ഗോവ ഫോർവേഡ് പാർട്ടിയുടെ മൂന്ന് അംഗങ്ങളുടെയും രണ്ട് സ്വതന്ത്രരുടെയും ഒരു എം. ജി. പി അംഗത്തിന്റെയും പിന്തുണയോടെയാണ് ഭരിച്ചിരുന്നത്. കോൺഗ്രസ് അംഗങ്ങളെത്തിയത് ഗോവ ഫോർവേഡ് പാർട്ടിക്ക് തിരിച്ചടിയാകും. പാർട്ടി നേതാവ് വിജയ് സർദേശായി വഹിക്കുന്ന ഉപമുഖ്യമന്ത്രി പദമാണ് കാവലേക്കറിന് നൽകാൻ ആലോചിക്കുന്നത്.