ന്യൂഡൽഹി: വിദേശ ധനസഹായം സ്വീകരിച്ചതിൽ ക്രമക്കേടുണ്ടെന്ന കേസിൽ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷക ദമ്പതികളായ ഇന്ദിര ജയ്‌സിംഗിന്റെറെയും ആനന്ദ് ഗ്രോവറിന്റെയും വസതിയിലും ഓഫീസുകളിലും സി.ബി.ഐ റെയ്ഡ് നടത്തി. പുലർച്ചെ അഞ്ചുമണിക്ക് ഡൽഹി നിസാമുദ്ദീൻ ഈസ്റ്റിലുള്ള വസതിയിലും ഓഫീസിലും ഇവരുടെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടനയായ ലോയേഴ്‌സ് കളക്ടീവിന്റെ ഡൽഹി ജംഗ്പുരയിലും മുംബയിലുമുള്ള ഓഫീസുകളുമായാണ് റെയ്ഡ് നടന്നത്.
വിദേശത്ത് നിന്ന് സംഭാവന സ്വീകരിക്കുന്നത് നിയന്ത്രിക്കുന്ന നിയമം ലോയേഴ്‌സ് കളക്ടീവ് ലംഘിച്ചെന്നാരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ പരാതിയിൽ ജൂൺ 13നാണ് സി.ബി.ഐ കേസെടുത്തത്. ലോയേഴ്‌സ് കളക്ടീവിന്റെ ട്രസ്റ്റിയും ഡയറക്ടറുമായ ഗ്രോവറിനെയും സംഘടനയിലെ ജീവനക്കാരെയും സർക്കാർ ഉദ്യോഗസ്ഥരെയുമാണ് പ്രതിചേർത്തത്.
ലോയേഴ്‌സ് കളക്ടീവിന് വിദേശത്ത് നിന്ന് ലഭിച്ച ധനസഹായത്തിൽ നിന്ന് 96.67 ലക്ഷം ജയ്‌സിംഗ് അനുമതിയില്ലാതെ കൈപ്പറ്റിയെന്നാണ് പരാതി. ലോയേഴ്‌സ് കളക്ടീവ് 2006 നും 2015നും ഇടയിൽ 32.39 കോടി രൂപ വിദേശ ധനസഹായം സ്വീകരിച്ചു. വിദേശ യാത്രകൾ നടത്തുന്നതിനും രാഷ്ട്രീയ താത്പര്യമുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിനും വിദേശ ഫണ്ട് ഗ്രോവർ ദുരുപയോഗിച്ചുവെന്നുമാണ് പരാതി.
മനുഷ്യാവകാശ രംഗത്തെ പ്രവർത്തനത്തിന്റെ പേരിൽ തങ്ങൾക്കെതിരെ സർക്കാർ പ്രതികാര നടപടി സ്വീകരിക്കുകയാണ്. അഡിഷണൽ സോളിസിറ്റർ ജനറൽ സർക്കാർ ഉദ്യോഗസ്ഥ അല്ലാത്തതിനാൽ വിദേശ ധനസഹായം വാങ്ങുന്നതിന് വിലക്കില്ല
- ഇന്ദിരാ ജയ്‌സിംഗ്