citizenship-bill

ന്യൂഡൽഹി: കാസർകോട് കേന്ദ്ര സർവകലാശാലയ്ക്ക് ശ്രീനാരായണ ഗുരുദേവന്റെ പേര് നൽകണമെന്ന് നിർദ്ദേശിച്ച് കൊടിക്കുന്നിൽ സുരേഷ് നൽകിയ ഭേദഗതി ലോക്‌സഭ തള്ളി.

കേന്ദ്ര സർവകലാശാലാ ഭേദഗതി ബില്ലിന്റെ ഭാഗമായാണ് ഭേദഗതി പ്രമേയം കൊടിക്കുന്നിൽ സുരേഷ് ഉന്നയിച്ചത്. ബിൽ പാസാക്കാനുള്ള വോട്ടെടുപ്പിൽ പ്രമേയത്തെ പ്രതിപക്ഷാംഗങ്ങൾ അനുകൂലിച്ചപ്പോൾ ഭൂരിപക്ഷം വരുന്ന ബി.ജെ.പി അംഗങ്ങൾ എതിർത്തതിനാലാണ് പ്രമേയം സഭയ്‌ക്ക് നിരാകരിക്കേണ്ടി വന്നത്.

കാസർകോട് കേന്ദ്ര സർവകലാശാലയ്ക്ക് ഗുരുദേവന്റെ പേരു നൽകണമെന്ന് എസ്.എൻ.ഡി.പി യോഗവും ശിവഗിരി മഠവും മോദി സർക്കാരിനോട് നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നതാണ്. സംസ്ഥാന ബി.ജെ.പി ഘടകം അക്കാര്യം ഏൽക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഈ ആവശ്യം പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നതാണ്. ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്ത കൊടിക്കുന്നിൽ സുരേഷ് ഇക്കാര്യങ്ങൾ വിശദീകരിച്ചു. പ്രധാനമന്ത്രിയും ബി.ജെ.പി നേതാക്കളും നൽകിയ ഉറപ്പ് പാലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പ്രതിപക്ഷാംഗം കൊണ്ടുവന്ന ഭേദഗതിയെ അനുകൂലിക്കാൻ ഭരണപക്ഷം തയ്യാറായില്ല.