sashi-tharoor

ന്യൂഡൽഹി: പ്രവാസികൾക്ക് ഇരട്ട പൗരത്വം അനുവദിക്കാനും തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പ്രായപരിധി 18 ആയി കുറയ്‌ക്കാനും നിർദ്ദേശിക്കുന്നവ അടക്കം നാല് സ്വകാര്യ ബില്ലുകൾ ശശി തരൂർ എം.പി ലോക്‌സഭയിൽ അവതരിപ്പിച്ചു.

സ്‌ത്രീകൾക്കു നേരെയുള്ള ലൈംഗിക അതിക്രമം തടയാൻ ലക്ഷ്യമിട്ട് ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ചേർത്ത 354, 500 വകുപ്പുകൾ നീക്കം ചെയ്യണമെന്നും, നിലവിലുള്ള സംസ്ഥാനങ്ങൾ വിഭജിച്ച് പുതിയവ രൂപീകരിക്കാൻ സ്‌‌റ്റേറ്റ്സ് ആൻഡ് യൂണിയൻ ടെറിട്ടറി കമ്മിഷൻ രൂപീകരിക്കണമെന്നും നിർദ്ദേശിക്കുന്നവയാണ് മറ്റു രണ്ട് ബില്ലുകൾ.

ആധുനിക സമൂഹത്തിൽ യുവാക്കളുടെ നിർണായക പങ്ക് കണക്കിലെടുത്ത് പാർലമെന്റ്, നിയമസഭാ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനുള്ള പ്രായം 18 വയസായി കുറയ്‌ക്കണമെന്ന് തരൂർ ആവശ്യപ്പെടുന്നു. ജോലി ആവശ്യത്തിന് വിദേശങ്ങളിൽ കുടിയേറിയവർക്ക് ക്രമേണ ഇന്ത്യയിലെ പൗരത്വം നഷ്‌ടമാകുന്നതാണ് ഇപ്പോഴത്തെ നിയമം. അവർക്ക് വോട്ടു ചെയ്യാൻ അടക്കമുള്ള അവകാശങ്ങൾ സംരക്ഷിച്ച് ഇരട്ട പൗരത്വത്തിന് അവസരം നൽകാൻ ഭരണഘടനാ ഭേദഗതി ചെയ്യണമെന്ന് മറ്റൊരു ബില്ലിൽ തരൂർ ആവശ്യപ്പെടുന്നു.

രാഷ്ട്രീയ ആവശ്യങ്ങൾ പരിഗണിച്ച് പുതിയ സംസ്ഥാനങ്ങൾ രൂപീകരിക്കേണ്ടിവരുന്ന സാഹചര്യങ്ങളിലെ ബുദ്ധിമുട്ടുകൾ കുറയ്‌ക്കാൻ പുതിയ കമ്മിഷൻ വേണമെന്ന് നിർദ്ദേശിക്കുന്ന ബില്ലാണ് മറ്റൊന്ന്. ലൈംഗിക അതിക്രമം തടയാൻ ലക്ഷ്യമിട്ട് 2013ൽ ഉൾപ്പെടുത്തിയ വകുപ്പുകളുടെ നിർവചനം സ്‌ത്രീകളുടെ മാന്യത സംരക്ഷിക്കാൻ പര്യാപ്‌തമല്ലെന്നും അതിനാൽ നീക്കം ചെയ്യണമെന്നും ശിക്ഷാനിയമ ഭേദഗതി ആവശ്യപ്പെടുന്ന ബില്ലിൽ പറയുന്നു. നിയമത്തിലെ ഭാഷ സാങ്കേതികം മാത്രമല്ലെന്നും സമൂഹത്തെ സ്വാധീനിക്കാൻ അതിനു കഴിയുമെന്നും ബില്ലിൽ തരൂർ ചൂണ്ടിക്കാട്ടുന്നു.