ന്യൂഡൽഹി: രാഷ്ട്രീയനാടകങ്ങളും ഭരണ പ്രതിസന്ധിയും തുടരുന്ന കർണാടകത്തിൽ കുമാരസാമി സർക്കാരിന് ശ്വാസം വിടാൻ സമയം അനുവദിച്ച്, നിയമസഭയിൽ ചൊവ്വാഴ്‌ച വരെ തത്‌സ്ഥിതി തുടരാൻ സുപ്രീംകോടതി ഉത്തരവിട്ടു. കോൺഗ്രസ് - ജെ.ഡി.എസ് എം.എൽ.എമാരുടെ രാജിയിലും, അവർക്ക് അയോഗ്യത കല്പിക്കുന്ന വിഷയത്തിലും അതുവരെ തീരുമാനമെടുക്കരുതെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് സ്പീക്കറോട് നിർദ്ദേശിച്ചിരിക്കുന്നത്.
സുപ്രധാന ഭരണഘടനാ പ്രശ്നങ്ങൾ ഉൾപ്പെട്ട കാര്യമായതിനാൽ വിഷയം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. അതേസമയം, നിയമസഭാംഗങ്ങളുടെ രാജിക്കാര്യത്തിൽ സ്പീക്കർ തീരുമാനമെടുക്കണമെന്ന് ഉത്തരവിറക്കാനോ, അതിന് സമയപരിധി നിശ്ചയിക്കാനോ സുപ്രീംകോടതിക്കു കഴിയുമോ എന്നത് പ്രസക്തമാണെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ രാജി സ്പീക്കർ സ്വീകരിക്കാത്തതുമായി ബന്ധപ്പെട്ട് 10 എം.എൽ.എമാർ നൽകിയ ഹർജിയിൽ കോടതി ചൊവ്വാഴ്ച വീണ്ടും വാദം കേൾക്കും.
അതിനിടെ ഭരണപക്ഷത്തു നിന്ന് 16 എം.എൽ.എമാർ രാജിവച്ച സഭയിൽ വിശ്വാസം തെളിയിക്കാൻ സമയം അനുവദിക്കണമെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി സ്പീക്കർ കെ.ആർ. രമേശ് കുമാറിനോട് അഭ്യർത്ഥിച്ചു. പന്ത്രണ്ടു ദിവസത്തെ വർഷകാല സമ്മേളനത്തിനു ചേർന്ന സഭയുടെ അജൻഡയിൽ ഇന്നലെ ചരമോപചാരം മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും, അതിനിടയിൽ വിശ്വാസവോട്ടിനു സമയം തേടി മുഖ്യമന്ത്രി നടത്തിയ അഭ്യർത്ഥനയിൽ ബി.ജെ.പി കാര്യമായ എതിർപ്പു പ്രകടിപ്പിച്ചില്ല. ഇപ്പോഴത്തെ നിലയിൽ സഭയിൽ ഭൂരിപക്ഷം തെളിയിക്കാനായെങ്കിൽ മാത്രമേ താൻ തുടരാനുള്ളൂ. പക്ഷേ, അതിനു മതിയായ സമയം അനുവദിക്കണം- കുമാരസ്വാമി സ്പീക്കറോട് അഭ്യർത്ഥിച്ചു. കോൺഗ്രസിൽ നിന്ന് പതിമ്മൂന്നും, ജെ.ഡി.എസിൽ നിന്ന് മൂന്നും എം.എൽ.എമാർ രാജിവയ്ക്കുകയും ഈയിടെ മന്ത്രിസ്ഥാനം നൽകിയ രണ്ട് സ്വതന്ത്രർ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയും ചെയ്തതിനെ തുടർന്ന് നിലനില്പ് ഭീഷണിയിലായ സഖ്യകക്ഷി സർക്കാരിന്റെ ആയുസ് നൂൽപ്പാലത്തിലാണ്.
തങ്ങളുടെ രാജി സ്പീക്കർ സ്വീകരിക്കാത്തതിന് എതിരെ എം.എൽ.എമാർ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ, സ്പീക്കറുടേത് കോടതിയലക്ഷ്യമാണെന്ന് എം.എൽ.എമാർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി വാദിച്ചു. അതേസമയം, കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യതാ നടപടികളിൽ ആദ്യം തീരുമാനമെടുക്കേണ്ടതുണ്ടെന്ന് സ്പീക്കർക്കായി മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്‌വിയും വാദിച്ചു. അയോഗ്യത കല്പിക്കുന്നത് ഒഴിവാക്കാനാണ് എം.എൽ.എമാർ രാജിവച്ചത്.
സ്പീക്കർക്കു നിർദ്ദേശം നൽകാനുള്ള കോടതിയുടെ അധികാരത്തെ ചോദ്യം ചെയ്യുകയാണോയെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് സിംഗ്‌വിയോട് ചോദിച്ചു. രാജി സ്വമേധയാ ആണോ എന്നറിയാൻ അന്വേഷണം നടത്താൻ ആർട്ടിക്കിൾ190 (3) (ബി) സ്പീക്കർക്ക് അധികാരം നൽകുന്നുണ്ടെന്നും സത്യസന്ധമല്ലെന്നു ബോദ്ധ്യപ്പെട്ടാൽ രാജി സ്വീകരിക്കാതിരിക്കാമെന്നും സിംഗ്‌വി ചൂണ്ടിക്കാട്ടി. പ്രകടമായിത്തന്നെ രാഷ്ട്രീയമാണ് ഹർജിയെന്നും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം ഹർജിക്കാർ ഉത്തരവു നേടിയതെന്നും മുഖ്യമന്ത്രി കുമാരസ്വാമിക്കു വേണ്ടി മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ പറഞ്ഞു.
എം.എൽ.എമാർ ചോദിച്ചത്:
...................................................
ഒറ്റവരി രാജി പഠിക്കാൻ എത്രനേരം വേണം?
സഭയ്ക്കുള്ളിൽ സ്പീക്കർക്കുള്ള അധികാരവും എം.എൽ.എമാരുടെ രാജിയും തമ്മിൽ ബന്ധമില്ല. രാജി പഠിക്കാൻ സമയം വേണമെന്നാണ് സ്പീക്കർ പറയുന്നത്. ഒറ്റവരിയിലുള്ള രാജി പരിശോധിക്കാൻ എത്ര സമയം വേണം? ഒന്നോ രണ്ടോ ദിവസം കൂടി അനുവദിക്കാം. അതുവരെ അയോഗ്യതയുമായി മുന്നോട്ടുപോകരുത്. രാജി സ്വീകരിക്കുന്നതു വൈകിച്ച്, എം.എൽ.എമാരെ അയോഗ്യരാക്കുകയാണ് ലക്ഷ്യം. അയോഗ്യതാനടപടികൾ തുടുങ്ങും മുൻപുതന്നെ എട്ട് എം.എൽ.എമാർ രാജിവച്ചിരുന്നു. ബഡ്‌ജറ്റ് പാസാക്കാൻ സർക്കാർ വിപ്പ് നൽകിയതിനാൽ അനുകൂലമായി വോട്ട് ചെയ്തില്ലെങ്കിൽ അയോഗ്യരാകും. അതിനാണ് രാജി തീരുമാനം വൈകിപ്പിച്ചത്.
സ്പീക്കർ പറഞ്ഞത്
ചട്ടം പാലിക്കാത്ത രാജി പെട്ടെന്ന് സ്വീകരിക്കില്ല
രാജി പെട്ടെന്ന് സ്വീകരിക്കാനാകില്ല. പിന്നിൽ സമ്മർദ്ദമില്ലെന്നും സത്യസന്ധമാണെന്നും കണ്ടെത്താൻ അന്വേഷണം നടത്തണം. അയോഗ്യതയിൽ നിന്ന് ഒഴിവാകാനാണ് എം.എൽ.എമാർ രാജി നൽകിയത്. അയോഗ്യതാ നടപടികൾ തുടങ്ങിയ ശേഷമാണ് രണ്ട് എം.എൽ.എമാർ രാജിവച്ചത്. എട്ടു പേർ രാജി അയച്ചത് നടപടികൾ തുടങ്ങും മുൻപാണെങ്കിലും നേരിട്ടു വന്ന് രാജി നൽകിയിരുന്നില്ല. നിശ്ചിത സമയത്തിനുള്ളിൽ ഇന്ന രീതിയിൽ അയോഗ്യത നടപടികളിൽ തീരുമാനമെടുക്കണമെന്ന് കോടതിക്ക് സ്പീക്കറോട് നിർദ്ദേശിക്കാനാവില്ല. ജൂലായ് ആറിന് രാജി നൽകാനെത്തിയപ്പോൾ സ്പീക്കർ മുങ്ങിയെന്ന ആരോപണം തന്നെ അപമാനിക്കാനാണ്.
....................
ഹർജിക്കാരുടെ മൗലികാവകാശങ്ങളൊന്നും ലംഘിച്ചിട്ടില്ലാത്തതിനാൽ ആർട്ടിക്കിൾ 32 പ്രകാരമുള്ള ഹർജി നിലനിൽക്കില്ല. പ്രകടമായിത്തന്നെ രാഷ്ട്രീയമാണ് ഹർജി. സ്പീക്കറുടെ തീരുമാനം കോടതിക്ക് പരിശോധിക്കാമെന്നും അതേസമയം തീരുമാനമെടുക്കാൻ നിശ്ചിത സമയം നിർദ്ദേശിക്കാനാകില്ലെന്നും ഹരിയാന നിയമസഭാ കേസിൽ വിധിയുണ്ട്.
- എച്ച്.ഡി. കുമാരസ്വാമി, മുഖ്യമന്ത്രി