ന്യൂഡൽഹി: കാരക്കോണം ഡോ. സോമർവെൽ മെമ്മോറിയൽ മെഡിക്കൽ കോളേജിലെ 11 വിദ്യാർത്ഥികളുടെ പ്രവേശനം അംഗീകരിച്ച ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. ഹൈക്കോടതി വിധിക്കെതിരെ പ്രവേശന മേൽനോട്ട സമിതി നൽകിയ അപ്പീൽ ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് തള്ളി.
കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജുകളിലെ ന്യൂനപക്ഷ വിദ്യാർത്ഥി പ്രവേശനത്തിൽ തട്ടിപ്പ് പ്രവണതകളുണ്ടെന്ന് ജസ്റ്റിസ് അരുൺമിശ്ര വാക്കാൽ പറഞ്ഞു.
വ്യാജസർട്ടിഫിക്കറ്റ് ഹാജരാക്കി സമുദായ സംവരണ ക്വോട്ടയിൽ അഡ്മിഷൻ നേടിയെന്ന് ചൂണ്ടിക്കാട്ടിയാണ് മേൽനോട്ട സമിതി 2018 നവംബർ 15 ന് 11 വിദ്യാർത്ഥികളുടെ പ്രവേശനം റദ്ദാക്കിയത്. ഹർജിക്കാരിൽ ഒമ്പതുപേർ സി.എം.എസ്. ആംഗ്ലിക്കൻ സഭക്കാരല്ലെന്നും മിക്കവരും 2017 നുശേഷം ഈ സഭയിൽ ചേർന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് സർട്ടിഫിക്കറ്റ് സാധുവല്ലെന്ന് സമിതി വിലയിരുത്തിയത്. സർക്കാരും ഇതു ശരിവച്ചതോടെ 11 വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
സി.എം.എസ്. ആംഗ്ലിക്കൻ സഭ സി.എസ്.ഐയുടെ ഭാഗമല്ല, സ്വതന്ത്ര സഭയാണെന്നാണ് മേൽനോട്ട സമിതിയുടെ കണ്ടെത്തൽ. ഇതൊന്നും നോക്കേണ്ടിയിരുന്നില്ല. ബിഷപ്പ് നൽകിയ സാക്ഷ്യപത്രം സാധുവാണോ എന്നായിരുന്നു പരിശോധിക്കേണ്ടിയിരുന്നത്. പ്രവേശനം ക്രമപ്രകാരമാണെന്നും പഠനം തുടരാമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഇതിനെതിരെയാണ് മേൽനോട്ടസമിതി അപ്പീൽ നൽകിയത്.