ന്യൂഡൽഹി: കേരളത്തിലെ സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ ഈ വർഷം എൻ.ആർ.ഐ ക്വാട്ടയിൽ ഒഴിവ് വരുന്ന എം.ബി.ബി.എസ് സീറ്റുകളിൽ പ്രവേശനത്തിന് കേരളത്തിന് പുറത്തുനിന്നുള്ള വിദ്യാർത്ഥികളെയും പരിഗണിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു.
എൻ.ആർ.ഐ മാത്രമായി ഒഴിവാക്കിയത് ന്യായീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ച് നേറ്റിവിറ്റി വ്യവസ്ഥ നീക്കിയത്. ആദ്യ ഘട്ട കൗൺസിലിംഗ് പൂർത്തിയായതിനാൽ അതിൽ ഇടപെടുന്നില്ലെന്ന് കോടതി പറഞ്ഞു. തുടർന്നുള്ള ഘട്ടങ്ങളിലെ ഒഴിവുള്ള സീറ്റുകളിൽ കേരളത്തിന് പുറത്തുനിന്നുള്ളവരെയും പരിഗണിക്കണം. എൻ.ആർ.ഐ സീറ്റ് ഒഴിഞ്ഞുകിടക്കുന്ന സാഹചര്യമുണ്ടാകരുത്. ബാങ്ക് ഗാരൻറി സുപ്രീംകോടതിയിലുള്ള കേസിലെ അന്തിമവിധിക്ക് വിധേയമായിരിക്കുമെന്ന് വിദ്യാർത്ഥികൾ കോഴ്സിന് ചേരുമ്പോൾ തന്നെ അറിയിക്കണമെന്നും ബെഞ്ച് നിർദ്ദേശിച്ചു.
സർക്കാർ മെഡിക്കൽ കോളേജുകളിലെ അഖിലേന്ത്യാ ക്വാട്ടയ്ക്ക് സമാനമായി കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ 15 ശതമാനം സീറ്റുകളിലും അഖിലേന്ത്യാതലത്തിൽ പ്രവേശനത്തിന് സംസ്ഥാനസർക്കാർ അനുമതി നൽകിയിരുന്നു. എൻ.ആർ.ഐ ക്വാട്ടയിൽ കേരളത്തിലെ വിദ്യാർത്ഥികൾക്ക് മാത്രമേ അപേക്ഷിക്കാനാകൂവെന്ന ഉപാധിയോടെയായിരുന്നു അനുമതി. ഇതിനെതിരെയാണ് കേരള പ്രൈവറ്റ് മെഡിക്കൽ കോളേജ് മാനേജ്മെന്റ് അസോസിയേഷൻ സുപ്രീംകോടതിയെ സമീപിച്ചത്. കൗൺസലിംഗ് പൂർത്തിയായെന്നും എൻ.ആർ.ഐ സീറ്റുകൾ ഒഴിവില്ലെന്നുമാണ് സംസ്ഥാന സർക്കാർ വാദിച്ചത്. ഇത് വസ്തുതാവിരുദ്ധമാണെന്നും സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണെന്നും മാനേജ്മെൻറുകൾ ചൂണ്ടിക്കാട്ടി. മുൻവർഷങ്ങളിൽ എൻ.ആർ.ഐ സീറ്റ് ഒഴിഞ്ഞുകിടന്നതിലൂടെ വലിയ നഷ്ടമുണ്ടായെന്നും മാനേജ്മെൻറുകൾ ഉന്നയിച്ചു.
കേരളത്തിലെ മുഴുവൻ സ്വാശ്രയ മെഡിക്കൽ സീറ്റിലും കേരളത്തിന് പുറത്തുള്ള വിദ്യാർത്ഥികൾക്ക് കൂടി അപേക്ഷിക്കാൻ അവസരമൊരുക്കണമെന്ന ആവശ്യവും മാനേജ്മെനറുകൾ ആവർത്തിച്ചു.
കേരള സർക്കാരിന്റെ പ്രോസ്പെക്ടസിലെ 6.1 വ്യവസ്ഥ ( നേറ്റിവിറ്റി ) പ്രകാരം സംസ്ഥാനത്ത് സ്ഥിരതാമസമുള്ള വിദ്യാർത്ഥികൾക്ക് മാത്രമേ സ്വകാര്യ മെഡിക്കൽ കോളേജുകളിൽ അഡ്മിഷന് അപേക്ഷിക്കാനാവൂ. ഇത് ചോദ്യം ചെയ്ത് കേരള പ്രൈവറ്റ് മെഡിക്കൽ കോളേജ് മാനേജ്മെന്റ് അസോസിയേഷൻ നൽകിയ ഹർജിയിൽ ആഗസ്റ്റ് 20ന് വിശദമായ വാദം കേൾക്കും. കേരളത്തിന് പുറത്ത് താമസിക്കുന്ന വിദ്യാർത്ഥികളുടെ അപേക്ഷ സ്വീകരിക്കാൻ എൻട്രൻസ് പരീക്ഷാ കമ്മിഷണർക്ക് മേയ് 10ന് ഇടക്കാല ഉത്തരവിൽ സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നു.