v-muraleedharan

ന്യൂഡൽഹി: ക്രിമിനലുകളുടെ താവളമായ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് യു.ജി.സി അംഗീകാരം ലഭിച്ചത് എങ്ങനെയെന്ന് അന്വേഷണ വിധേയമാക്കണമെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. കാമ്പസിലുണ്ടായ സംഭവങ്ങൾ കേരളത്തിനും വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്കും അപമാനമാണ്. ഇവിടത്തെ അദ്ധ്യാപകർ ഭീതിയുടെ മുൾമുനയിലാണ്. പാർട്ടി നേതൃത്വത്തിന്റെ ഭീഷണിപ്പുറത്താണ് അവർ പ്രവർത്തിക്കുന്നത്. അങ്ങനെയാണ് യു.ജി.സി അംഗീകാരം ലഭിക്കുന്നത്.

യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഭവങ്ങൾ കേരളത്തിലെ വിദ്യാർത്ഥി സംഘടനാ പ്രവർത്തകർക്കാണ് ഏറെ മാനക്കേടുണ്ടാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി എ.കെ. ആന്റണി അടക്കമുള്ള നേതാക്കളെ സംഭാവന ചെയ്‌തത് വിദ്യാർത്ഥി സംഘടനാ പ്രസ്ഥാനങ്ങളാണ്. അവിടെയാണ് എല്ലാ നിലവാരവും മൂല്യങ്ങളും നഷ്‌ടമായത്.

കോളേജിലേക്ക് കത്തിയുമായി വരുന്ന സംസ്‌കാരം സൃഷ്‌ടിച്ചതിന്റെ ഉത്തരവാദിത്വം എസ്.എഫ്.ഐക്കാണ്. കാമ്പസിൽ മറ്റു സംഘടനകൾക്ക് പ്രവർത്തിക്കാൻ അനുവാദം നൽകാത്തത് നീതീകരിക്കാനാകില്ല.

ഇപ്പോൾ യൂണിറ്റ് പിരിച്ചു വിട്ടത് ജനരോക്ഷം തടയാനുള്ള സി.പി.എമ്മിന്റെ താത്കാലിക നടപടി മാത്രമാണ്. ഇത്തരം സംഭവങ്ങളിൽ പ്രതികളായ നേതാക്കളെ പിന്നീട് വിട്ടയ്‌ക്കുന്നതാണ് പതിവ്. അല്ലെങ്കിൽ ആഭ്യന്തര വകുപ്പ് പ്രതികൾക്കെതിരെ നടപടിയെടുക്കണം. പണ്ട് ഇങ്ങനെ സംരക്ഷണം ലഭിച്ച ഒരാളാണ് ഇപ്പോൾ മുംബയിൽ ഒരു സ‌്‌ത്രീയെ കബളിപ്പിച്ച കേസിൽ കുടുങ്ങിയതെന്നും മുരളീധരൻ പറഞ്ഞു.