swatch2

ന്യൂഡൽഹി: വൃത്തിയോടെ കിടക്കുന്ന പാർലമെന്റ് മന്ദിരത്തിനു ചുറ്റും സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിയനുസരിച്ച് ശുചീകരണ യജ്ഞത്തിനെത്തിയ എം.പിമാർക്കും താരങ്ങൾക്കും സമൂഹ മാദ്ധ്യമങ്ങളിൽ ട്രോളന്മാരുടെ പൊങ്കാല! ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയുടെ നേതൃത്വത്തിലായിരുന്നു ശുചീകരണ പരിപാടി. സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലിൽ മുൻ ബോളിവു‌ഡ് താരം ഹേമമാലിനി ഉൾപ്പെടെയുള്ളവർ ചൂലുമായി ശരിക്കും അഭിനയിച്ചു.

താരം ഉൾപ്പെടെ ചൂലു പിടിച്ച് നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ ട്രോളന്മാരുടെ വരവായി. വെടിപ്പായിക്കിടക്കുന്ന പാർലമെന്റ് മന്ദിരത്തിനു മുന്നിൽ ചൂലുമായി കസർത്തു കാണിക്കുന്നവർ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങണമെന്നായിരുന്നു ട്രോളുകളുടെ സാരം. ഹേമമാലിനി ആയിരുന്നു മിക്കവരുടെയും ലക്ഷ്യം.ഫോട്ടോയ്‌ക്കു വേണ്ടിയുള്ള വൃത്തിയാക്കൽ മോശമായെന്ന് ശശി തരൂർ എം.പി പിന്നീട് ട്വിറ്ററിൽ പറഞ്ഞു.

ഹേമമാലിനിക്ക് ചൂലു പിടിക്കാൻ പോലും അറിയില്ലെന്നും നാടകത്തിന് വരുന്നതിനു മുമ്പ് റിഹേഴ്സൽ നടത്തിയില്ലേ എന്നും നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്‌ദുള്ള ചോദിച്ചു. മയിൽ പീലിവിരിച്ചു നിൽക്കുന്നതു പോലെയാണ് ഹേമമാലിനയുടെ ചൂലുപിടിത്തമെന്ന് ചിലർ. ഹേമമാലിനിയുടെ മണ്ഡലമായ മഥുരയിൽ തൂത്തുവൃത്തിയാക്കേണ്ട സ്ഥലങ്ങൾ കാട്ടിത്തരാമെന്ന് മറ്റൊരു ട്രോളൻ. മുൻ ബി.സി.സി.ഐ അദ്ധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ അനുരാഗ് ഠാക്കൂറിന് ക്രിക്കറ്റ് കളി അറിയാമെന്ന് തൂപ്പു കണ്ടപ്പോൾ ബോധ്യമായെന്നായിരുന്നു മറ്റൊരു ട്രോൾ

പാർലമെന്റ് മന്ദിരത്തിനു മുന്നിലെ ഗാന്ധി പ്രതിമയ്‌ക്കു മുന്നിൽ പുഷ്പാർച്ചനയ്‌ക്കും പ്രതിജ്ഞയ്‌ക്കും ശേഷമായിരുന്നു ഇന്നലത്തെ ശുചിത്വയജ്ഞം. മന്ത്രിമാരായ രാജ്നാഥ് സിംഗ്, ഹർഷവർദ്ധൻ, പ്രഹ്ളാദ് ജോഷി, വി. മുരളീധരൻ തുടങ്ങിയവരും മറ്റ് ബി.ജെ.പി എം.പിമാരും പാർലമെന്റ് ജീവനക്കാരും പങ്കെടുത്തു. വൃത്തിയാക്കൽ ഇന്ന് പാർലമെന്റ് അനക്സ് കെട്ടിടത്തിൽ തുടരും.