ന്യൂഡൽഹി:ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കർണാടകയിലും ഗോവയിലും കനത്ത പ്രതിസന്ധി നേരിടുന്നതിനിടെ പഞ്ചാബിലും കോൺഗ്രസിൽ പൊട്ടിത്തെറി.

ലോക്സഭാ തിരഞ്ഞെടുപ്പിൽ അമൃത്‌സർ സീറ്റിനെ ചൊല്ലി മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗുമായി ഏറ്റുമുട്ടിയ മുൻക്രിക്കറ്റ്താരം നവജോത് സിംഗ് സിദ്ദു മന്ത്രി സ്ഥാനം രാജിവച്ചു. ജൂൺ 10ന് രാഹുൽ ഗാന്ധിക്ക് കൈമാറിയ രാജിക്കത്ത് ഇന്നലെ സിദ്ദു ട്വിറ്ററിലൂടെ പുറത്തുവിട്ടു. മന്ത്രിസ്ഥാനം ഒഴിയുന്നതിന്റെ കാരണം കത്തിൽ വ്യക്തമാക്കിയില്ലെങ്കിലും മന്ത്രിസഭാ പുനഃസംഘടനയിൽ അപ്രധാന വകുപ്പിലേക്ക് മാറ്റിയതിൽ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സൂചന. അതേസമയം രാജിക്കത്ത് കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ ഓഫീസ് അറിയിച്ചു.

ടൂറിസം, തദ്ദേശ സ്വയംഭരണം,സാംസ്കാരിക വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന സിദ്ദുവിനെ ഊർജവകുപ്പിലേക്കാണ് മാറ്റിയത്. ചുമതലയേറ്റെടുക്കാതിരുന്ന സിദ്ദു ജൂൺ പത്തിന് രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും കണ്ടിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിന് പുറമെ സ്വന്തം നിലയിൽ കോൺഗ്രസ് നേട്ടമുണ്ടാക്കിയ ഏകസംസ്ഥാനമാണ് പഞ്ചാബ്. 13ൽ എട്ട് സീറ്റാണ് നേടിയത്. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായ അമൃത്‌സറിൽ ഭാര്യ നവജോത് കൗറിനെ മത്സരിപ്പിക്കണമെന്നായിരുന്നു സിദ്ദുവിന്റെ ആവശ്യം. അമരീന്ദർ സിംഗ് അനുകൂലിച്ചില്ല. നവജോത് കൗറിന് അമൃത്‌സർ സീറ്റ് ലഭിക്കുന്നത് അമരീന്ദർ തടയുകയാണെന്ന് ആരോപിച്ച് പരസ്യമായി സിദ്ദു രംഗത്തെത്തിയതോടെ ഇരുവരും തമ്മിലുള്ള ഭിന്നത പുറത്തുവന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തിൽ വന്ന സിദ്ദു പഞ്ചാബിൽ സജീവമായില്ല.

അമൃത്‌സർ സീറ്റിനെ ചൊല്ലി ബി.ജെ.പിയുമായി ഉടക്കിയ സിദ്ദു 2017ലാണ് കോൺഗ്രസിലെത്തുന്നത്. അമൃത്‌സറിൽ നിന്ന് 2004ലും 2009ലും സിദ്ദു ലോക്സഭാംഗമായിരുന്നു. സിദ്ദുവിനെ തഴഞ്ഞ് 2014ൽ ബി.ജെ.പി അരുൺ ജെയ്റ്റ‌ലിയെ മത്സരിപ്പിച്ചെങ്കിലും ക്യാപ്ടൻ അമരീന്ദർ സിംഗിനോട് തോറ്റു.