രാജ്യത്തിന് പുറത്തെ കുറ്റങ്ങളും അന്വേഷിക്കാം
ന്യൂഡൽഹി: ഇന്ത്യയ്‌ക്കു പുറത്ത് രാജ്യ താത്പര്യത്തെയോ, പൗരൻമാരുടെ താത്പര്യത്തെയോ ബാധിക്കുന്ന കുറ്റകൃത്യങ്ങളും അന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ) അധികാരം നൽകുന്ന ദേശീയ അന്വേഷണ ഏജൻസി ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. പുതിയ ബിൽ ദുരുപയോഗം ചെയ്യപ്പെടില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിൽ വ്യക്തമാക്കി.
ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ എൻ.ഐ.എയ്ക്ക് ബിൽ അധികാരം നൽകുന്നു. കേസ് തീർപ്പാക്കാൻ പ്രത്യേക കോടതികൾ രൂപീകരിക്കാം. ആണവോർജ്ജ നിയമം, ഹൈജാക്കിംഗ് വിരുദ്ധ നിയമം എന്നിവയുടെ പരിധിയിലുള്ളതടക്കം കൂടുതൽ കുറ്റകൃത്യങ്ങളുടെ അന്വേഷണം എൻ.ഐ.എയുടെ കീഴിലാക്കാനുള്ള വ്യവസ്ഥയും ഉൾപ്പെടുത്തി.
ആശങ്ക വേണ്ട: അമിത് ഷാ
ഭേദഗതിയിലൂടെ എൻ.ഐ.എയെ സർക്കാർ ദുരുപയോഗം ചെയ്യുമെന്ന ചില എം.പിമാരുടെ ആശങ്ക അടിസ്ഥാനരഹിതമാണെന്ന് ബില്ലിന്റെ ചർച്ചയ്‌ക്ക് മറുപടി പറഞ്ഞ ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. യു.പി.എ സർക്കാർ കൊണ്ടുവന്ന പോട്ടാ നിയമം ഭീകരതയെ ചെറുക്കുന്നതിൽ പരാജയപ്പെട്ടു. 2004-2008 കാലത്ത് മുംബയ് സ്‌ഫോടനം അടക്കം ഭീകരപ്രവർത്തനം വ്യാപകമായി. സംത്സൗതാ സ്‌ഫോടനത്തിലെ പ്രതികളെ വെറുതേ വിടുന്ന സ്ഥിതിയുമുണ്ടായി. ഇതൊക്കെ വിലയിരുത്തിയാണ് എൻ.ഐ.എ നിയമം ശക്തമാക്കുന്നത്.
'ഭീകരവാദത്തിന്റെ പേരിൽ നിരപരാധികളെ രാജ്യത്ത് നിരന്തരം വേട്ടയാടുകയാണ്. 20 വർഷം തടവുശിക്ഷ അനുഭവിച്ച നിരപരാധിക്ക് ഒരു നഷ്ടപരിഹാരവും ലഭിക്കുന്നില്ല. ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥ വർദ്ധിപ്പിക്കാനേ ഇത്തരം നിയമം ഉപകരിക്കൂ".
- എൻ.കെ. പ്രേമചന്ദ്രൻ എം.പി