ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസുകളുടെ വിവരങ്ങൾ ശേഖരിച്ച് സമർപ്പിക്കാൻ അമിക്കസ്‌ക്യൂറി വി. ഗിരിയോട് സുപ്രീംകോടതി നിർദ്ദേശിച്ചു. കേസുകളുടെ എണ്ണം, പോക്സോ നിയമപ്രകാരം രൂപീകരിക്കപ്പെട്ട സ്പെഷ്യൽ കോടതികൾ, അന്വേഷണം നടക്കുന്നവ, വിചാരണ പൂർത്തിയായ കേസുകളുടെ എണ്ണം തുടങ്ങിയ വിവരങ്ങൾ ഹൈക്കോടതികളിൽ നിന്ന് ശേഖരിക്കാനാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചത്. കുട്ടികൾക്കെതിരായ ലൈംഗിക പീഡനങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കോടതി സ്വമേധയാ എടുത്ത കേസിലാണ് നടപടി. ഇത്തരം കേസുകളിൽ ഉടൻ ശക്തമായ നടപടി ഉറപ്പാക്കാനുള്ള മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കാൻ കോടതിയെ സഹായിക്കാനാണ് അമിക്കസ്‌ക്യൂറിയായി വി. ഗിരിയെ നിയമിച്ചത്.

ഈ വർഷം ജനുവരി ഒന്നു മുതൽ ജൂൺ 30 വരെ രാജ്യത്താകെ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമത്തിന് 24,212 കേസുകൾ രജിസ്റ്റർ ചെയ്തതായി അമിക്കസ് ക്യൂറിക്ക് കോടതി കൈമാറിയ റിപ്പോർട്ടിൽ പറയുന്നു. 11981 കേസുകൾ അന്വേഷണഘട്ടത്തിലാണ്. 12231 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു. 6,449 കേസുകളിൽ മാത്രമാണ് വിചാരണ തുടങ്ങിയത്. 911 കേസുകളിൽ മാത്രമാണ് വിധി വന്നത്. കുറഞ്ഞത് 17 സംസ്ഥാനങ്ങളിൽ ഒരു കേസുപോലും തീർപ്പാക്കപ്പെട്ടില്ലെന്നും കണക്കുകൾ പറയുന്നു. ഈ പശ്ചാത്തലത്തിലാണ് ശക്തമായ നടപടികൾ ഉറപ്പാക്കാൻ കോടതി സ്വമേധയാ ഇടപെട്ടത്.