abhaya-case
abhaya case

ന്യൂഡൽഹി: അഭയ കേസിൽ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റർ സ്റ്റെഫിയും വിചാരണ നേരിടണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.

തെളിവില്ലാത്തതിനാൽ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും നൽകിയ വിടുതൽ ഹർജി ജസ്റ്റിസ് എസ്. അബ്ദുൾ നസീർ അദ്ധ്യക്ഷനായ ബെഞ്ച് തള്ളി. നേരത്തേ ഈ ആവശ്യം തള്ളിയ വിചാരണക്കോടതി വിധി ഹൈക്കോടതി ശരി വച്ചതോടെയാണ് ഇരുവരും സുപ്രീംകോടതിയെ സമീപിച്ചത്. സി.ബി.ഐ ഉയർത്തുന്നത് ആരോപണങ്ങൾ മാത്രമാണെന്നും മറ്റു പ്രതികളെ ഒഴിവാക്കിയിട്ടുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയെങ്കിലും ബെഞ്ച് അംഗീകരിച്ചില്ല.

നിലവിൽ ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സ്റ്റെഫിയും മാത്രമേ പ്രതിപ്പട്ടികയിലുള്ളൂ. രണ്ടാം പ്രതിയായിരുന്ന ഫാ.ജോസ് പിതൃക്കയിലിനെ വിചാരണ കൂടാതെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയ വിചാരണക്കോടതി വിധി ഹൈക്കോടതി ശരി വച്ചിരുന്നു. കേസിൽ ഇനി, തിരുവനന്തപുരം സി.ബി.ഐ കോടതിയിൽ വിചാരണ തുടങ്ങുന്നതിന്റെ ഭാഗമായി ആഗസ്റ്റ് 5ന് കുറ്റപത്രം വായിച്ചു കേൾപ്പിക്കും.

ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സ്റ്റെഫി എന്നിവർക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് വ്യക്തമാക്കിയാണ് ഈ വർഷം ഏപ്രിലിൽ ഹൈക്കോടതി ഇരുവരും വിചാരണ നേരിടണമെന്ന് ഉത്തരവിട്ടത്. തെളിവ് നശിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് മുൻ എസ്.പി. കെ.ടി. മൈക്കിളിനെ കേസിൽ വിചാരണക്കോടതി പ്രതി ചേർത്തെങ്കിലും ഹൈക്കോടതി ഒഴിവാക്കിയിരുന്നു.

കോട്ടയത്തെ പയസ് ടെൻത് കോൺവെന്റിലെ അന്തേവാസിയായിരുന്ന സിസ്റ്റർ അഭയയെ 1992 മാർച്ച് 27 നാണ് കോൺവെന്റ് വളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ക്രൈംബ്രാഞ്ചും പിന്നീട് സി.ബി.ഐയും അന്വേഷിച്ച കേസിൽ 2008 നവംബർ 19 നാണ് ഫാ. തോമസ് കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെ സി.ബി.ഐ കൊച്ചി യൂണിറ്റ് അറസ്റ്റ് ചെയ്തത്. ഒന്നും രണ്ടും പ്രതികൾക്ക് സ്റ്റെഫിയുമായുണ്ടായിരുന്ന അവിഹിത ബന്ധം അഭയ കണ്ടതിനെത്തുടർന്ന് തലയ്ക്കടിച്ചു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കി 2009 ജൂലായ് 17 ന് സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന നന്ദകുമാരൻ നായർ കുറ്റപത്രം നൽകി. 133 സാക്ഷികളും 70 രേഖകളുമുള്ള കേസിൽ പ്രതികൾക്ക് പോളിഗ്രാഫ്, ബ്രെയിൻ മാപ്പിംഗ് നാർക്കോ അനാലിസിസ് പരിശോധനകൾ നടത്തിയിരുന്നു.