ന്യൂഡൽഹി: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിക്ക് കുത്തേറ്റ സംഭവത്തിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കാൻ ജുഡിഷ്യൽ അന്വേഷണത്തിന് ഉത്തരവിടണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി ആവശ്യപ്പെട്ടു. കലാലയങ്ങളിൽ രക്ഷിതാക്കൾക്ക് കുട്ടികളെ വിശ്വസിച്ച് അയയ്ക്കാൻ പറ്റിയ സാഹചര്യമുണ്ടാക്കണമെന്നും എസ്.എഫ്.ഐയുടെ തേർവാഴ്ച ഇനിയും അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കേരള പൊലീസിന്റെ അന്വേഷണം നിഷ്പക്ഷമാകില്ല. അതിനാൽ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം. വിദ്യാർത്ഥി രാഷ്ട്രീയം ഒരു പരിധിക്കപ്പുറം പോകാൻ പാടില്ലെന്ന് കേരളത്തിലെ സംഭവങ്ങൾ തെളിയിക്കുന്നു. കാമ്പസുകളിൽ എല്ലാ സംഘടനകൾക്കും പ്രവർത്തിക്കാൻ കഴിയണം. കേരളം ലജ്ജിക്കേണ്ട സാഹചര്യം ഇനിയുണ്ടാകരുത്. കേരളത്തിലെ ജനം ചോര കണ്ടു മടുത്തു. എസ്.എഫ്.ഐ ഇനിയെങ്കിലും കത്തി നിലത്തിടണം. ജനങ്ങൾ വെറുക്കപ്പെടുന്ന പാർട്ടിയായി ഇടതുപക്ഷം മാറുന്ന സാഹചര്യം ഉണ്ടാകരുത്. ഇടതിന് കേരളത്തിൽ ഇപ്പോഴും ഒരു ഇടമുണ്ട്. യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു നേതാവ് കെ.എം. അഭിജിത് നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പഴയ കെ.എസ്.യു നേതാവെന്ന നിലയിലാണ് താൻ സംഭവത്തെ അപലപിക്കുന്നതെന്നും എ.കെ. ആന്റണി പറഞ്ഞു.