ന്യൂഡൽഹി: കർണാടകത്തിൽ എച്ച്.ഡി കുമാരസാമി സർക്കാർ നാളെ വിശ്വാസവോട്ട് തേടാനിരിക്കെ, രാജി സ്വീകരിക്കാൻ സ്പീക്കറോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് പതിനഞ്ച് കോൺഗ്രസ് - ജെ.ഡി.എസ് വിമത എം.എൽ.എമാർ നൽകിയ ഹർജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. രാവിലെ 10.30ന് ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ ബെഞ്ചാണ് വിധി പറയുക.
രാജിവയ്‌ക്കുക എന്നത് എം. എൽ.എമാരുടെ മൗലികാവകാശമാണെന്ന് വിമതരുടെ അഭിഭാഷകൻ മുകുൾ റോത്തഗി വാദിച്ചു. നിലവിലെ രാഷ്‌ട്രീയ പ്രതിസന്ധി നേരിടാൻ എം. എൽ. എ മാരുടെ രാജി സ്വീകരിക്കുക മാത്രമാണ് പോംവഴി. രാജി സ്വമേധയാ ആണോ അല്ലയോ എന്ന് മാത്രം സ്‌പീക്കർ പരിശോധിച്ചാൽ മതിയെന്നും റോത്തഗി പറഞ്ഞു.
രാജിസമർപ്പിക്കും മുൻപേ അയോഗ്യത നടപടി തുടങ്ങിയിരുന്നെന്ന് സ്പീക്കർ കെ.ആർ രമേഷ് കുമാറിന്റെ അഭിഭാഷകൻ അഭിഷേക് സിംഗ്‌വി പറഞ്ഞു. സ്പീക്കറോട് നിശ്ചിത സമയത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് കോടതിക്ക് നിർദ്ദേശിക്കാനാകില്ല. സ്പീക്കറെടുത്ത തീരുമാനം പരിശോധിക്കാനേ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാംഗങ്ങളുടെ രാജിയിൽ സ്പീക്കർ തീരുമാനമെടുക്കണമെന്ന് ഉത്തരവിറക്കാൻ സുപ്രീംകോടതിക്ക് കഴിയുമോയെന്നതടക്കമുള്ള ഭരണഘടനാപ്രശ്നങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും ചൊവ്വാഴ്ചവരെ തത്‌സ്ഥിതി തുടരണമെന്നും ജൂലായ് 12ന് ബെഞ്ച് ഉത്തരവിട്ടിരുന്നു. ഹർജികളിൽ ഇന്നലെ
സുദീർഘമായ വാദമാണ് നടന്നത്.
സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു:എം.എൽ.എമാർ
രാജിവയ്ക്കാനുള്ള ഞങ്ങളുടെ മൗലികാവകാശത്തിന്റെ ലംഘനമാണ് സ്പീക്കറുടെ നടപടി. സ്വമേധയാ ഉള്ള രാജി ഉടൻ സ്വീകരിക്കാൻ ഭരണഘടനപ്രകാരം സ്പീക്കർ ബാദ്ധ്യസ്ഥനാണ്. കൂറുമാറ്റ നിരോധന നിയമവും രാജിയും തമ്മിൽ ബന്ധിപ്പിക്കുന്നത് അസംബന്ധമാണ്. അയോഗ്യത നടപടി രാജിക്ക് തടസമല്ല. ഈ സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു. രാജി തടയാനാണ് അയോഗ്യത നടപടി.
പത്ത് എം.എൽ.എമാരും ജൂലായ് 10ന് രാജി നൽകി. ഇതിൽ രണ്ടുപേർക്കെതിരെ മാത്രമാണ് അയോഗ്യത നടപടികളുള്ളത്. കേസിൽ പിന്നീട് കക്ഷി ചേർന്ന അഞ്ച് എം.എൽ.എമാരും രാജിവച്ചിട്ടുണ്ട്. അയോഗ്യത നടപടികളുണ്ടായിട്ടും ഉമേഷ് ജാദവിന്റെ രാജി സ്പീക്കർ സ്വീകരിച്ചിരുന്നു. അയോഗ്യത നടപടി റദ്ദാക്കണമെന്നല്ല ആവശ്യം. എം.എൽ.എ പദവിയിൽ തുടരാൻ ആഗ്രഹിക്കുന്നല്ല.
രാജി തന്നെ അയോഗ്യതയ്ക്ക് കാരണമാണ്: സ്പീക്കർ
അയോഗ്യതാ നടപടികൾ രാജിക്ക് മുൻപേയാണ് തുടങ്ങിയത്. വിപ്പ് അനുസരിക്കാത്തത് അയോഗ്യതയാണ്. 15ൽ 11 എം.എൽ.എമാർ ജൂലായ് 11നാണ് രാജി നേരിട്ട് നൽകിയത്. നാലു എം.എൽ.എമാർ നേരിട്ട് നൽകിയിട്ടില്ല. ആദ്യ നടപടി രാജി സ്വമേധയാ ആണോ എന്ന് അന്വേഷിക്കലാണ്. രാജിയിൽ തീരുമാനമെടുക്കുന്നതിന് മുൻപ് അയോഗ്യതയിൽ തീരുമാനമെടുക്കേണ്ടതുണ്ട്. അയോഗ്യതയിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗമല്ല രാജി. പാർട്ടിയുടെ താത്പര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചത് തന്നെ അയോഗ്യതയാണ്.