ന്യൂഡൽഹി: പാർലമെന്റ് സമ്മേളനം നടക്കുമ്പോൾ മന്ത്രിമാർ കർശനമായും ഇരുസഭകളിലും ഹാജരാവണമെന്നും മുങ്ങുന്നവരുടെ പേര് എല്ലാ ദിവസവും വൈകിട്ട് തനിക്ക് നൽകണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശിച്ചു. പാർട്ടി എംപിമാർ സാമൂഹ്യവും മനുഷ്യത്വപരമായ പ്രവർത്തനങ്ങളിൽ ഇടപെടണമെന്നും ബി.ജെ.പി പാർലമെന്ററി ബോർഡ് യോഗത്തിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
സർക്കാർ പ്രതിനിധികളായി മന്ത്രിമാർ രാജ്യസഭയിലും ലോക്സഭയിലും ഉണ്ടായിരിക്കണമെന്ന കർശന നിർദ്ദേശമാണ് പ്രധാനമന്ത്രി നൽകിയത്. സഭയിൽ വരാത്ത മന്ത്രിമാരുടെ പേര് എല്ലാ ദിവസവും വൈകിട്ട് തനിക്ക് നൽകാൻ പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷിയോട് അദ്ദേഹം നിർദ്ദേശിച്ചു. സഭയിൽ വരാതെ മുങ്ങുന്ന എം.പിമാർക്കും കഴിഞ്ഞ ദിവസം ഇതുപോലെ മുന്നറിയിപ്പ് നൽകിയിരുന്നു.
എം.പിമാർ രാഷ്‌ട്രീയ കാര്യങ്ങൾക്കൊപ്പം 2025 എന്ന ലക്ഷ്യം മുന്നിൽ കണ്ട് സാമൂഹികവും മാനുഷികവുമായ വിഷയങ്ങളിലും ശ്രദ്ധ ചെലുത്തണമെന്ന് മോദി ആവശ്യപ്പെട്ടു. കുഷ്‌ഠം, ക്ഷയം തുടങ്ങിയ രോഗങ്ങൾ ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങളിൽ എം.പിമാർ പങ്കാളികളാകണം. ഒരു കുഷ്‌ഠരോഗ ചികിത്സയ്ക്കുള്ള ആശുപത്രി ഉദ്ഘാടനത്തിന് ക്ഷണിച്ചവരോട് അതിന് പൂട്ടിടാൻ വിളിക്കുന്നതാണ് തനിക്കിഷ്ടമെന്ന് ഗാന്ധിജി പറഞ്ഞ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ക്ഷയരോഗം തുടച്ചു നീക്കാൻ ലോകാരോഗ്യ സംഘടന 2030 സമയ പരിധി നിശ്ചയിച്ചതെങ്കിലും ഇന്ത്യയിൽ 2025 ൽ തന്നെ ലക്ഷ്യം കൈവരിക്കണം. മൃഗപരിപാലനത്തിലും ശ്രദ്ധവേണം. മൃഗങ്ങൾക്ക് അസുഖം ബാധിക്കുന്ന സമയമാണിത്. തങ്ങളുടെ മണ്ഡലങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട ആശയങ്ങൾ തയ്യാറാക്കാനും മോദി ആവശ്യപ്പെട്ടു.