ന്യൂഡൽഹി: ദേശീയ പാതകളിൽ ടോൾ സമ്പ്രദായം അവസാനിപ്പിക്കാൻ കഴിയില്ലെന്നും നല്ല സേവനം ലഭിക്കാൻ ജനങ്ങൾ പണം നൽകേണ്ടി വരുമെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി പറഞ്ഞു. ടോൾ നിരക്കുകളിൽ മാറ്റം വന്നേക്കാം. പക്ഷേ ടോൾ സംവിധാനം അവസാനിപ്പിക്കാൻ കഴിയില്ല. നല്ല സേവനം ലഭിക്കാൻ പണം നൽകേണ്ടി വരും. ടോൾ പണം അടിസ്ഥാന സൗകര്യവികസനത്തിനാണ് ഉപയോഗിക്കുന്നത്. ടോൾ പ്ളാസകളിലെ ക്യൂ ഒഴിവാക്കാൻ വൈകാതെ സംവിധാനമുണ്ടാകും.
എം.പിമാർക്ക് ഏത് ആവശ്യവുമായും തന്നെ സമീപിക്കാമെന്നും മന്ത്രി അറിയിച്ചു. കേന്ദ്ര റോഡ് ഫണ്ടിന്റെ ബഡ്ജറ്റ്‌വിഹിതം വർദ്ധിപ്പിക്കണമെന്നും പദ്ധതിയിൽ ഉൾപ്പെടുത്തി റോഡുകൾ തെരഞ്ഞെടുക്കുമ്പോൾ പ്രദേശത്തെ ലോക്‌സഭാംഗങ്ങളുടെ നിർദ്ദേശം പരിഗണിക്കണമെന്നുമുള്ള പ്രേമചന്ദ്രൻ എം.പിയുടെ ആവശ്യത്തെ മന്ത്രി പിന്തുണച്ചു. കേരളത്തിന്റെ പ്രത്യേകസാഹചര്യം പരിഗണിച്ച് റോഡ് നിർമ്മാണത്തിനുള്ള ഭൂമി ഏറ്റെടുപ്പിലെ നഷ്ടപരിഹാരം നൽകാൻ കേന്ദ്ര സഹായമുണ്ടാകുമെന്നും മന്ത്രി പ്രേമചന്ദ്രൻ എം.പിയെ അറിയിച്ചു. അടുത്ത മാസം കേരള മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ അന്തിമതീരുമാനം കൈക്കൊള്ളും.