ന്യൂഡൽഹി: വനാവകാശനിയമപ്രകാരം രാജ്യത്ത‌് 11 ലക്ഷത്തിലധികം ആദിവാസികളെ വനത്തിൽനിന്ന‌് ഒഴിപ്പിക്കാനുള്ള സുപ്രീംകോടതി വിധിയിൽ കേന്ദ്രസർക്കാർ നിഷ‌്ക്രിയത്വം അവസാനിപ്പിക്കണമെന്ന‌് ആവശ്യപ്പെട്ട് അഖിലേന്ത്യ കിസാൻ സഭ 22ന‌് രാജ്യവ്യാപക പ്രക്ഷോഭം നടത്തും. വില്ലേജ്, ബ്ലോക്ക‌്, ജില്ലാ തലത്തിൽ പ്രതിഷേധമാർച്ചുകൾ സംഘടിപ്പിക്കുമെന്ന് ജനറൽ സെക്രട്ടറി ഹനൻ മൊളള വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആദിവാസികളെ സംരക്ഷിക്കാൻ കേന്ദ്രം ഇടപെടണം. ഡൽഹിയിൽ ജന്തർ മന്ദറിൽ പ്രതിഷേധ മാർച്ച‌് നടക്കും. കിസാൻ സഭ, ആദിവാസി അധികാർ രാഷ‌്ട്രീയ മഞ്ച‌്, അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ, ഭൂമി അധികാർ ആന്തോളൻ എന്നീ സംഘടനകൾ സംയുക്തമായാണ‌് പ്രതിഷേധം സംഘടിപ്പിക്കുന്നത‌്.