ന്യൂഡൽഹി: കർണാടക നിയമസഭയിൽ ഇന്ന് നിർണായക വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ കുമാരസ്വാമി സർക്കാരിന് കനത്ത തിരിച്ചടിയായി, 15 വിമത എം.എൽ.എമാരെ നിയമസഭാ നടപടികളിൽ പങ്കെടുക്കാൻ നിർബന്ധിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. സഭാ നടപടികളിൽ പങ്കെടുക്കണോയെന്നതിൽ എം.എൽ.എമാർക്ക് സ്വയം തീരുമാനമെടുക്കാം.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധബോസ് എന്നിവരുടെ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്.
സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ്, ജെ.ഡി.എസ് പാർട്ടികൾക്ക് വിപ്പ് കർശനമാക്കാനാകില്ല. ഇതോടെ അയോഗ്യതാ ഭീഷണിയില്ലാതെ വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കാതിരിക്കാൻ വിമത എം.എൽ.എമാർക്ക് അവസരമൊരുങ്ങി.
അതേസമയം, തങ്ങളുടെ രാജിക്കാര്യത്തിൽ നിശ്ചിത സമയത്തിനകം തീരുമാനമെടുക്കാൻ സ്പീക്കറോട് നിർദ്ദേശിക്കണമെന്ന എം.എൽ.എമാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. രാജി സ്വീകരിക്കുന്നതിൽ സ്പീക്കർക്ക് സ്വതന്ത്രമായി ഉചിതമായ സമയമെടുത്ത് ഭരണഘടനാവ്യവസ്ഥകൾക്കനുസൃതമായി തീരുമാനമെടുക്കാം. സ്പീക്കറുടെ വിവേചനാധികാരത്തെ തടസപ്പെടുത്തുന്ന നിരീക്ഷണങ്ങളോ നിർദ്ദേശങ്ങളോ പുറപ്പെടുവിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. തീരുമാനമെടുത്താൽ കോടതിയെ അറിയിക്കണം.
കർണാടകത്തിലെ അടിയന്തരസാഹചര്യം പരിഗണിച്ചാണ് ഇടക്കാല ഉത്തരവിറക്കിയതെന്നും സ്പീക്കറുടെ അധികാരവും എം.എൽ.എമാരുടെ അവകാശവും തമ്മിലുള്ള തർക്കത്തിൽ ഭരണഘടനാ സന്തുലനം ഉറപ്പാക്കുകയാണ് ഉദ്ദേശിക്കുന്നതെന്നും ബെഞ്ച് വ്യക്തമാക്കി.
എം.എൽ.എമാരുടെ രാജിയിലും അവർക്കെതിരെയുള്ള അയോഗ്യതാ നടപടികളിലും സ്പീക്കർക്ക് നിർദ്ദേശം നൽകാനുള്ള സുപ്രീംകോടതിയുടെ അധികാരം സംബന്ധിച്ച വിശാലവിഷയം പിന്നീട് തീർപ്പാക്കും.
കൂറുമാറ്റം തടയുന്ന ഭരണഘടനയിലെ പത്താം ഷെഡ്യൂൾ പ്രകാരം പാർട്ടി വിപ്പ് ലംഘിക്കുന്ന അംഗത്തെ അയോഗ്യനാക്കാം. എം.എൽ.എമാരെ നിർബന്ധിക്കരുതെന്ന് ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയതിനാൽ കൂറുമാറ്റ നിരോധനിയമപ്രകാരമുള്ള അയോഗ്യത വിമതർക്ക് ബാധകമാകില്ല.
രാജിയിൽ ഉടൻ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതാപ് ഗൗഡ പാട്ടീലിന്റെ നേതൃത്വത്തിൽ പത്ത് കോൺഗ്രസ്, ജെ.ഡി.എസ് വിമത എം.എൽ.എമാർ ജൂലായ് 10നാണ് സുപ്രീംകോടതിയെ സമീപിച്ചത്. പിന്നീട് അഞ്ച് വിമത എം.എൽ.എമാർ കൂടി കക്ഷിചേർന്നു. സ്പീക്കറെ നേരിട്ട് കണ്ട് രാജി സമർപ്പിക്കാൻ ജൂലായ് 11ന് സുപ്രീംകോടതി ഇവർക്ക് അനുമതി നൽകി. അന്ന് തന്നെ രാജിയിൽ തീരുമാനമെടുക്കണമെന്ന് ചീഫ് ജസ്റ്റിസ് ഉത്തരവിട്ടെങ്കിലും, അങ്ങനെ നിർദ്ദേശിക്കാൻ കോടതിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർ കെ.ആർ. രമേഷ്‌കുമാറും സുപ്രീംകോടതിയെ സമീപിച്ചു. അയോഗ്യത നടപടികളിൽ നിന്ന് രക്ഷപ്പെടാനാണ് രാജിയെന്നും രാജി സ്വമേധയാ ആണോയെന്ന് പരിശോധിക്കണമെന്നും സ്പീക്കർ നിലപാടെടുത്തു. തുടർന്ന് ജൂലായ് 16 വരെ തത്‌സ്ഥിതി തുടരാൻ ഉത്തരവിട്ടുകൊണ്ട് സ്പീക്കറുടെ അധികാരത്തിൽ എത്രവരെ സുപ്രീംകോടതിക്ക് ഇടപെടാമെന്നത് വിശദമായി പരിശോധിക്കാൻ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് തീരുമാനിക്കുകയായിരുന്നു.
സുപ്രീംകോടതി വിധി മാനിക്കുന്നു. രാജി തീരുമാനത്തിൽ നിന്ന് പിന്മാറില്ല.
സഭാനടപടികളിൽ പങ്കെടുക്കുന്ന പ്രശ്‌നമില്ല.
- കോൺഗ്രസ് - ജെ.ഡി.എസ് വിമത എം.എൽ.എമാർ മുംബയിൽ പറഞ്ഞത്