ന്യൂഡൽഹി: പ്രധാനമന്ത്രി ഗ്രാമീണ റോഡ് വികസന പദ്ധതിയുടെ മാനദണ്ഡങ്ങൾ കേരളത്തിലെ റോഡ് വികസനത്തിന് തിരിച്ചടിയാകുന്നുവെന്ന പരാതി ചർച്ച ചെയ്യാൻ കേന്ദ്ര ഗ്രാമ വികസന മന്ത്രി നരേന്ദ്ര സിംഗ് തോമർ കേരള എം.പിമാരുടെ യോഗം വിളിച്ചു. ജൂലായ് 24നാണ് യോഗം. എൻ.കെ. പ്രേമചന്ദ്രൻ ലോക്‌സഭയിൽ കൊണ്ടുവന്ന വകുപ്പുമായി ബന്ധപ്പെട്ട 20ൽ അധികം ഖണ്ഡന പ്രമേയങ്ങൾ ഇതിന്റെ അടിസ്ഥാനത്തിൽ പിൻവലിച്ചു.
പദ്ധതിയുടെ പുതുക്കിയ മാനദണ്ഡമനുസരിച്ച് കേരളത്തിൽ 1450 കിലോമീറ്റർ റോഡ് നിർമ്മാണത്തിനുള്ള വിഹിതം മാത്രമാണ് ഇപ്പോൾ അനുവദിച്ചത്. ആദ്യ ഘട്ടത്തിൽ 5000 കിലോമീറ്റർ ദൈർഘ്യത്തിൽ റോഡ് നിർമ്മിക്കാൻ വിഹിതം കിട്ടിയിരുന്നു. പിന്നീടത് 500 കിലോമീറ്ററായി ചുരുങ്ങി. ഡീസൽ സെസും ഗ്രാമീണ റോഡുകളിലെ തിരക്കും കണക്കിലെടുത്താൽ കേരളത്തിന് 4000 കിലോമീറ്റർ റോഡ് നിർമ്മാണത്തിന് അനുമതി ലഭിക്കേണ്ടതാണ്. കേന്ദ്ര പദ്ധതികൾക്ക് ഉത്തരേന്ത്യൻ സാഹചര്യങ്ങൾ വിലയിരുത്തി മാനദണ്ഡം നിശ്ചയിക്കുന്നത് കേരളത്തിന് തിരിച്ചടിയാവും. ഗ്രാമീണ റോഡ് നിർമ്മാണത്തിന് ആറു മീറ്റർ വീതി നിശ്‌ചയിക്കുന്നത് കേരളത്തിലെ തീരദേശത്ത് നടപ്പാക്കാൻ ബുദ്ധിമുട്ടാണെന്നും പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി.