supreme-court-

ന്യൂഡൽഹി: ഇംഗ്ലീഷിൽ കൂടാതെ സുപ്രീംകോടതി വിധികൾ ഇനി ഏഴ് ഭാഷകളിലും വായിക്കാം. ഹിന്ദി, തെലുങ്ക്,അസമീസ്, കന്നട, മറാത്തി, ഒഡിയ,ബംഗാളി എന്നീ ഏഴു പ്രാദേശികഭാഷകളിലാണ് വിധിപകർപ്പുകൾ ഇന്നലെ മുതൽ സുപ്രീംകോടതി വെബ്സൈറ്റിൽ ലഭ്യമായത്. ആദ്യഘട്ടത്തിൽ 100 പ്രധാന വിധികളാണ് തർജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചത്. നിലവിൽ വിധി പറഞ്ഞദിവസമോ, അടുത്തദിവസങ്ങളിലോ ആയി ഇംഗ്ലീഷിലുള്ള പകർപ്പുകൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെങ്കിലും തർജ്ജമ ചെയ്തവ ഉടനടി ലഭ്യമാകില്ല. സുപ്രധാന സുപ്രീംകോടതി വിധികളുടെ സംക്ഷിപ്തരൂപവും വിവിധ ഭാഷകളിൽ പ്രസിദ്ധീകരിച്ചേക്കും.

ഇന്നലെ സുപ്രീംകോടതിയിലെ പുതിയ കെട്ടിട സമുച്ചയത്തിൻറെ ഉദ്ഘാടനചടങ്ങിൽവച്ച് തർജ്ജമ ചെയ്ത വിധികളുടെ പകർപ്പുകൾ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ജസ്റ്റിസ് എസ്.എ ബോബ്ഡെ കൈമാറി. പ്രാദേശിക ഭാഷകളിൽ വിധികൾ പ്രസിദ്ധീകരിക്കാൻ സംവിധാനമൊരുക്കിയതിൽ സുപ്രീംകോടതിയെ രാഷ്ട്രപതി അഭിനന്ദിച്ചു.