നാഷണൽ മെഡിക്കൽ കമ്മിഷൻ ബില്ലിന് അംഗീകാരം
ന്യൂഡൽഹി: മെഡിക്കൽ ബിരുദാനന്തര പ്രവേശനത്തിന് നീറ്റിന് പകരം അവസാന വർഷ എം.ബി.ബി.എസ് പരീക്ഷയെ ഒരു ലൈസൻസിയേറ്റ് പരീക്ഷയാക്കി മാറ്റാൻ വ്യവസ്ഥ ചെയ്യുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. മെഡിക്കൽ പി.ജി പ്രവേശനം ആഗ്രഹിക്കുന്ന വിദേശ വിദ്യാർത്ഥികളും ഈ പരീക്ഷ എഴുതണം. അതിനാൽ അവസാന വർഷ എം.ബി.ബി.എസ് പരീക്ഷ നാഷണൽ എക്‌സിറ്റ് ടെസ്‌റ്റ്(നെക്സ്‌റ്റ്) എന്ന പേരിൽ അറിയപ്പെടും.
രാജ്യത്ത് മെഡിക്കൽ കോളേജുകളെയും മെഡിക്കൽ കോളേജ് പ്രവേശനത്തെയും നിയന്ത്രിക്കുന്ന മെഡിക്കൽ കൗൺസിലിന് പകരമുള്ള നാഷണൽ മെഡിക്കൽ കമ്മിഷൻ നടപ്പിലാക്കാനുള്ളതാണ് ബിൽ. അണ്ടർ ഗ്രാജുവേറ്റ് മെഡിക്കൽ വിദ്യാഭ്യാസം, ബിരുദാനന്തര മെഡിക്കൽ വിദ്യാഭ്യാസം, മെഡിക്കൽ അസസ്‌മെന്റ് ആൻഡ് റേറ്റിംഗ് , എത്തിക്‌സ് ആൻഡ് മെഡിക്കൽ രജിസ്‌ട്രേഷൻ എന്നീ നാല് ബോർഡുകൾ ചേർന്നതാണ് മെഡിക്കൽ കമ്മിഷൻ.
സ്വകാര്യ മെഡിക്കൽ കോളേജുകളിലെയും കൽപ്പിത സർവ്വകലാശാലകളായി പ്രവർത്തിക്കുന്ന മെഡിക്കൽ കോളേജുകളിലെയും 50 ശതമാനം സീറ്റുകളിലെ ഫീസ് നിർണയിക്കാനും കമ്മിഷന് അധികാരമുണ്ടാകും.