ന്യൂഡൽഹി: മുതിർന്ന ബി.ജെ.പി നേതാക്കളായ എൽ.കെ അദ്വാനി, മുരളീ മനോഹർ ജോഷി തുടങ്ങിയവരുൾപ്പെട്ട അയോദ്ധ്യയിലെ ബാബ്റി മസ്ജിദ് തകർക്കൽ ഗൂഢാലോചന കേസിൽ ഒമ്പതു മാസത്തിനുള്ളിൽ വിചാരണ തീർത്ത് വിധിപറയണമെന്ന് വിചാരണകോടതിക്ക് സുപ്രീംകോടതി നിർദ്ദേശം നൽകി. ജസ്റ്റിസ്മാരായ രോഹിന്റൺ നരിമാൻ, സൂര്യകാന്ത് എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്. വിധി പറയുംവരെ ലക്നൗ സി.ബി.ഐകോടതി സ്പെഷൽ ജഡ്ജിന്റെ കാലാവധിയും നീട്ടി. ജഡ്ജ് സെപ്തംബർ 30ന് വിരമിക്കുന്ന സാഹചര്യത്തിലാണ് നടപടി. കാലാവധി നീട്ടി ഉത്തരവിറക്കാൻ യു.പി സർക്കാരിന് നിർദ്ദേശം നൽകി.
ഗൂഢാലോചനകുറ്റം ചുമത്തി ബി.ജെ.പിയുടെ ഉന്നത നേതാക്കളായ എൽ.കെ അദ്വാനി, മുരളീ മനോഹർ ജോഷി, ഉമാഭാരതി എന്നിവർക്കും മറ്റ് 13 നേതാക്കൾക്കുമെതിരെയുള്ള കേസ് 2017 ഏപ്രിലിൽ ആണ് സുപ്രീംകോടതി പുനഃസ്ഥാപിച്ചത്. ദൈനംദിനാടിസ്ഥാനത്തിൽ വാദം കേട്ട് രണ്ടുവർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി വിധി പറയണമെന്നാണ് ജസ്റ്റിസുമാരായ പി.സി ഘോഷ്, ആർ.എഫ്. നരിമാൻ എന്നിവരുടെ ബെഞ്ച് അന്ന് ഉത്തരവിട്ടത്. അദ്വാനി ഉൾപ്പെടെയുള്ളവർക്കെതിരായ കേസ് 2001 മേയിൽ സെഷൻസ് കോടതി ഒഴിവാക്കിയതാണ് സുപ്രീംകോടതി പുനഃസ്ഥാപിച്ചത്. 27 വർഷം പഴക്കമുള്ള കേസിൽ അദ്വാനിയുൾപ്പടെയുള്ളവർ ജാമ്യത്തിലാണ്.