nrc

ഇന്ത്യയെ അഭയാർത്ഥികളുടെ തലസ്ഥാനമാക്കരുത്

ന്യൂഡൽഹി:അസം പൗരത്വ രജിസ്റ്ററിന്റെ കരട് പട്ടികയിൽ അനർഹർ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യയെ അഭയാർത്ഥികളുടെ തലസ്ഥാനമാക്കരുതെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞു.

എൻ.ആർ.സി കേസ് പരിഗണിക്കവെ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് നിലപാട് വ്യക്തമാക്കിയത്.

അന്തിമ പട്ടിക തയാറാക്കാൻ ജൂലായ് 31വരെയാണ് സുപ്രീംകോടതി അനുവദിച്ചത്. എന്നാൽ ബംഗ്ലാദേശ് അതിർത്തി ജില്ലകളിൽ നിന്ന് പട്ടികയിലുൾപ്പെട്ടവരിൽ 20 ശതമാനമെങ്കിലും പുനഃപരിശോധിക്കേണ്ടതിനാൽ അന്തിമതീയതി നീട്ടണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. അർഹതപ്പെട്ട ചിലർ കരടിൽ ഉൾപ്പെട്ടിട്ടില്ല. നിയമവിരുദ്ധ കുടിയേറ്റക്കാരായ ചിലർ പ്രാദേശിക ഉദ്യോഗസ്ഥരുടെ സ്വാധീനത്താൽ കടന്നുകൂടിയിട്ടുമുണ്ട്.

എന്നാൽ പട്ടികയിലെ 27ശതമാനത്തോളം പേർ പുനഃപരിശോധനയ്ക്ക് വിധേയമായിട്ടുണ്ടെന്ന് എൻ.ആർ.സി കോർഡിനേറ്റർ പ്രതീക് ഹലേജ കോടതിയെ അറിയിച്ചു. അതേസമയം അസമിലെ വെള്ളപ്പൊക്കം എൻ.ആർ.സി പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ടെന്നും അന്തിമതീയതി നീട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആഗസ്റ്റ് 31ഓടെ അനുബന്ധ പട്ടികയും അന്തിമ പട്ടിക സെപ്തംബർ ഏഴിനും സമർപ്പിക്കാമെന്നും കോർഡിനേറ്റർ വ്യക്തമാക്കി. കോർഡിനേറ്ററുടെ നിലപാടിൽ കേന്ദ്രസർക്കാരിന്റെ മറുപടി തേടിയ ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോയ് കേസ് ജൂലായ് 23ലേക്ക് മാറ്റി.

കഴിഞ്ഞവർഷം തയാറാക്കിയ കരട് പട്ടികയിൽ നിന്ന് 40 ലക്ഷത്തോളം പേർ പുറത്തായത് വലിയ പ്രതിഷേധമുണ്ടാക്കിയിരുന്നു.