sheela-dixit-

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയും മുൻ കേരള ഗവർണറുമായ ഷീലാ ദീക്ഷിത് അന്തരിച്ചു. 81 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹി ഫോർട്ടിസ് എസ്കോർട്സ് ആശുപത്രിയിൽ ഇന്നലെ വൈകിട്ട് 3.55 നായിരുന്നു അന്ത്യം. ഭൗതികദേഹം ഇന്ന് എ.ഐ.സി.സി ആസ്ഥാനത്തെ പൊതുദർശനത്തിനു ശേഷം ഉച്ചയോടെ ഡൽഹി നിഗം ബോധ്ഘട്ടിൽ സംസ്കരിക്കും. തുടർച്ചയായി മൂന്നു തവണ ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീലയോടുള്ള ആദരസൂചകമായി ഡൽഹിയിൽ രണ്ടു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു.

ഇന്നലെ രാവിലെ വീട്ടിൽ വച്ച് ഹൃദയാഘാതമുണ്ടായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില അല്പം മെച്ചപ്പെട്ടെങ്കിലും വീണ്ടും ഹൃദയാഘാതമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. അന്തരിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ വിനോദ് ദീക്ഷിതാണ് ഭർത്താവ്. മക്കൾ ഡൽഹി മുൻ എംപി സന്ദീപ് ദീക്ഷിതും ലതികാ സയ്യിദും.

പശ്ചിമബംഗാൾ മുൻ ഗർവണർ ഉമാശങ്കർ ദീക്ഷിതിന്റെ പുത്രൻ വിനോദ് ദീക്ഷിതിനെ വിവാഹം കഴിച്ചതാണ് ഷീലയുടെ ജീവിതം വഴിതിരിച്ചത്. 1984 ൽ രാഷ്ട്രീയപ്രവേശം നടത്തിയ ഷീലയുടെ ആദ്യമത്സരം യു.പിയിലെ കനൗജിൽ നിന്ന് ലോക്‌സഭയിലേക്ക്. 1986 മുതൽ മൂന്നു വർഷം പാർലമെന്ററികാര്യ സഹമന്ത്രിയായി.

1998-ൽ ഈസ്‌റ്റ് ഡൽഹിയിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയം. പിന്നീട് ഡൽഹി സംസ്ഥാന രാഷ്ട്രീയത്തിൽ വിജയം വെട്ടിപ്പിടിച്ച ഷീല, തുടർച്ചയായി പതിനഞ്ചു വർഷം മുഖ്യമന്ത്രിപദത്തിൽ. ഡൽഹി പി.സി.സി അധ്യക്ഷയുമായിരുന്നു. 2013 നിയമസഭാ തിരഞ്ഞെടുപ്പിൽ ആംആദ്‌മി നേതാവ് അരവിന്ദ് കേജ്‌രിവാളിനോടു തോറ്റ് അധികാരത്തിൽ നിന്ന് പുറത്തായ ശേഷം 2014 മാർച്ചിൽ കേരളാ ഗവർണറായി. അഞ്ചു മാസത്തിനു ശേഷം രാജിവച്ചു. രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, തുടങ്ങിയവർ അനുശോചിച്ചു.