sheela-

ന്യൂഡൽഹി: രാഷ്ട്രീയഭേദമില്ലാതെ എത്തിയ നേതാക്കളുടെയും ആയിരക്കണക്കിന് പ്രവർത്തകരുടെയും സാന്നിദ്ധ്യത്തിൽ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഷീല ദീക്ഷിത്തിന് ഡൽഹി വിട ചൊല്ലി. കനത്ത മഴയ്ക്കിടെ സംസ്ഥാന സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഇന്നലെ വൈകിട്ട് നിഗംബോധ് ഘട്ടിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, ഭർത്താവ് റോബർട്ട് വാദ്ര, കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മറ്റ് മുതിർന്ന കോൺഗ്രസ് നേതാക്കൾ തുടങ്ങിയവർ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. ഷീല ദീക്ഷിതിന്റെ ആഗ്രഹപ്രകാരം സി.എൻ.ജി ശ്മാശനത്തിലാണ് സംസ്കാരം നടന്നത്.

ഷീല ദീക്ഷിതിന്റെ നിസാമുദീനിലെ വസതിയിൽനിന്ന് അക്ബർ റോഡിലെ എ.ഐ.സി.സി ആസ്ഥാനത്തും പിന്നീട് ഡൽഹി കോൺഗ്രസ് ആസ്ഥാനത്തും പൊതുദർശനത്തിന് വച്ച ഭൗതികദേഹത്തിൽ മുതിർന്ന നേതാക്കളും പ്രവർത്തകരും അന്ത്യോപചാരമർപ്പിച്ചു. രാവിലെ വസതിയിലെത്തി മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ അദ്വാനിയും മുൻ വിദേശകാര്യമന്ത്രി സുഷമസ്വരാജും നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയും കോൺഗ്രസ് ആസ്ഥാനത്ത് സോണിയഗാന്ധി, മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗ്, പ്രിയങ്കഗാന്ധി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ‌ലോട്ട്, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്, അഹമ്മദ് പട്ടേൽ തുടങ്ങിയവരും അന്ത്യോപചാരമർപ്പിച്ചു.

കേരള സർക്കാരിന് വേണ്ടി റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ എ.ഐ.സി.സി ആസ്ഥാനത്തെത്തി ആദരാഞ്ജലികളർപ്പിച്ചു. ഗവർണർക്കും മുഖ്യമന്ത്രിക്കും വേണ്ടി കേരള ഹൗസ് റസിഡന്റ് കമ്മിഷണർ പുനീത്കുമാറും അന്തിമോപചാരമർപ്പിച്ചു.