ന്യൂഡൽഹി: സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറിയായി ഡി. രാജയെ പാർട്ടി ദേശീയ കൗൺസിൽ പ്രഖ്യാപിച്ചു. ഈ സ്ഥാനത്തെത്തുന്ന ആദ്യ ദളിത് നേതാവാണ് തമിഴ്‌നാട് വെല്ലൂർ സ്വദേശിയായ രാജ. 2021 വരെ തുടരാമെങ്കിലും അനാരോഗ്യം കാരണം സ്ഥാനമൊഴിയാൻ അനുവദിക്കണമെന്ന എസ്.സുധാകർ റെഡ്ഡിയുടെ ആവശ്യം അംഗീകരിച്ചാണ് പുതിയ തീരുമാനം.
രാജ്യസഭാംഗമായ രാജയുടെ കാലാവധി ബുധനാഴ്ച അവസാനിക്കും. മുതിർന്ന സി.പി.ഐ നേതാവ് ആനി രാജയാണ് ഡി. രാജയുടെ ഭാര്യ. രാജ്യസഭാംഗം ബിനോയ് വിശ്വത്തെ പാർട്ടി മുഖപത്രമായ ന്യൂ ഏജിന്റെ എഡിറ്ററായും കനയ്യകുമാറിനെ ദേശീയ നിർവാഹക സമിതിയിലേക്കും തിരഞ്ഞെടുത്തു. നിലവിൽ ദേശീയ കൗൺസിൽ അംഗമാണ് കനയ്യ കുമാർ. അമർജിത്ത് കൗറിന്റെ പേരും ജനറൽ സെക്രട്ടറി പദത്തിലേക്കുയർന്നെങ്കിലും രാജയുടെ പേര് മാത്രമാണ് നിർദ്ദേശിക്കപ്പെട്ടത്.