ന്യൂഡൽഹി: സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി എന്ന നിലയിൽ വലിയ ഉത്തരവാദിത്വമാണ് നിറവേറ്റാനുള്ളതെന്ന് ഡി.രാജ പറഞ്ഞു. ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷമുള്ള ആദ്യ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയുടെ തീവ്ര വലതുപക്ഷ നയങ്ങളെ ആശയപരമായും രാഷ്ട്രീയമായും ജനകീയ പ്രക്ഷോഭങ്ങളിലൂടെയും ചെറുക്കും. മോദി സർക്കാരിന്റെ പിന്തിരിപ്പൻ നയങ്ങൾക്കെതിരെ പോരാട്ടം തുടരും. സാമ്പത്തിക, രാഷ്ട്രീയ, സാമൂഹ്യനീതി വിഷയങ്ങളിൽ പോരാട്ടം ശക്തമാക്കും. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പുനരേകീകരണമെന്ന ആവശ്യം കൂടുതൽ ശക്തമായി ഉന്നയിക്കുമെന്നും രാജ പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ബി.ജെ.പിക്കെതിരെ മതേതര സഖ്യമുണ്ടാക്കാനായത് നേട്ടമായി. മറ്റു പലയിടത്തും ഇത് നടന്നില്ല. പാർട്ടി പുനഃസംഘടനയ്ക്കായി പ്രത്യേക സംഘടനാ സമ്മേളനം വിളിക്കാൻ ദേശീയ കൗൺസിൽ തീരുമാനിച്ചതായി സ്ഥാനമൊഴിഞ്ഞ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഢി പറഞ്ഞു. ബിനോയ് വിശ്വം, അതുൽ കുമാർ അൻജാൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
എല്ലാ രാഷ്ട്രീയ നേതാക്കളുമായും നല്ല സൗഹൃദം പുലർത്തുന്ന രാജ ദേശീയതലത്തിൽ സി.പി.ഐയുടെ ജനകീയ മുഖമാണ്, പ്രതിപക്ഷ ഐക്യവേദികളിലെയും മറ്റ് ഔദ്യോഗിക പരിപാടികളിലെയും സ്ഥിരം സാന്നിദ്ധ്യം. എ.ബി ബർദ്ദൻ, ഇന്ദ്രജിത്ത് ഗുപ്ത തുടങ്ങിയ സമുന്നത നേതാക്കൾക്കു കീഴിൽ പ്രവർത്തിച്ചുതെളിഞ്ഞ കരുത്തുറ്റ പാരമ്പര്യം. 1949 ജൂൺ മൂന്നിന് തമിഴ്നാട്ടിലെ വെല്ലൂർ ചിത്താത്തൂരിൽ ജനനം. കർഷകത്തൊഴിലാളികളായിരുന്നു അച്ഛൻ പി. ദൊരൈസ്വാമിയും അമ്മ നായകവും. ദാരിദ്ര്യത്തിനിടയിലും രാജയുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാൻ അമ്മ ശ്രദ്ധിച്ചു. കാറൽ മാർക്സിനെയും ലെനിനെയും ആരാധിച്ചു. നന്നായി വായിച്ചു.
ഗുഡിയാട്ടം ജി.ടി.എം കോളേജിൽനിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദവും ഗവൺമെന്റ് ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളേജിൽനിന്ന് ബി.എ.ഡും നേടി. എ.ഐ.എസ്.എഫിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ രാജ എ.ഐ.വൈ.എഫ് തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 1994-ൽ സി.പി.ഐ ദേശീയ സെക്രട്ടറി. 2007- ലും 2013- ലും രാജ്യസഭയിൽ. പാർലമെന്റിലെ വിവിധ കമ്മറ്റികളിൽ അംഗമായി. സി.പി.ഐ ദേശീയ നേതാവും മഹിളാ ഫെഡറേഷൻ അഖിലേന്ത്യാ സെക്രട്ടറിയുമായ കണ്ണൂർ സ്വദേശി ആനി രാജയാണ് ഭാര്യ. മകൾ അപരാജിത.
ക്വട്ടേഷൻ
.................
സി.പി.ഐ ലോക്‌സഭയിൽ ചെറിയ ശക്തിയായിരിക്കാം. എന്നാൽ ഇടതുപക്ഷത്തിന് ആശയപരവും രാഷ്ട്രീയവുമായ സ്വാധീനം ഇല്ലാതായെന്ന് അതിന് അർത്ഥമില്ല. രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷയാണ് ഇടതുപക്ഷം
- ഡി. രാജ, സി.പി.ഐ ജനറൽ സെക്രട്ടറി