ന്യൂഡൽഹി: കർണാടകത്തിൽ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസ പ്രമേയത്തിൽ ഇന്ന് സഭയിൽ ചർച്ച തുടരാനിരിക്കെ, ഇന്നു തന്നെ വിശ്വാസവോട്ടിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് രണ്ട് സ്വതന്ത്ര എം.എൽ.എമാർ സുപ്രീംകോടതിയെ സമീപിച്ചു. സഖ്യ സർക്കാരിനുള്ള പിൻതുണ പിൻവലിച്ചതായി ഇവർ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
എച്ച്. നാഗേഷ്, ആർ. ശങ്കർ എന്നിവരാണ് ഇന്നു വൈകിട്ട് അഞ്ചിനു മുമ്പ് വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തീകരിക്കണമെന്ന ആവശ്യവുമായി കോടതിയിലെത്തിയത്. ഭൂരിപക്ഷമില്ലാത്ത സർക്കാരിനെ അധികാരത്തിൽ തുടരാൻ അനുവദിക്കുകയാണ്. ഗവർണറെന്ന് ഇവർ ഹർജിയിൽ ആരോപിച്ചു.
രാജി നൽകിയ 15 എം.എൽ.എമാരെ സഭയിലെത്താൻ നിർബന്ധിക്കരുതെന്ന് ജൂലായ് 17ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ചോദ്യം ചെയ്ത് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു എന്നിവർ വെള്ളിയാഴ്ച സുപ്രീംകോടതിയെ സമീപിച്ചിരുന്നു.