obc-reservation

ന്യൂഡൽഹി: കേന്ദ്ര സർക്കാർ സർവ്വീസിൽ 27ശതമാനം സംവരണമുണ്ടായിട്ടും മറ്റ് പിന്നാക്ക വിഭാഗക്കാരുടെ മതിയായ പ്രാതിനിദ്ധ്യം ഉറപ്പാക്കാൻ കഴിയുന്നില്ലെന്ന പരാതി നിലനിൽക്കെ, ലോക്‌സഭയിൽ 2016ലെ കണക്കുകൾ വീണ്ടും അവതരിപ്പിച്ച് കേന്ദ്ര സർക്കാർ തടിതപ്പി.

കേന്ദ്ര സർവ്വീസിൽ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് സംവരണത്തിനും അപ്പുറം നിയമനം ലഭിച്ചപ്പോൾ മറ്റു പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിദ്ധ്യം 21 ശതമാനം മാത്രമാണെന്ന പഴയ കണക്കാണ് കേന്ദ്ര പഴ്സണൽ വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗ് ലോക്‌സഭയിൽ കഴിഞ്ഞ ദിവസം പശ്‌ചിമ ബംഗാളിൽ നിന്നുള്ള ബി.ജെ.പി അംഗം ഖാഗൻ മെർമുവിനും രേഖാമൂലം നൽകിയത്. 2018 ജൂലായിലും ഡിസംബറിലും സർക്കാർ പാർലമെന്റിൽ നൽകിയതും ഇതേ കണക്കുകളാണ്..

2016 ജനുവരിക്ക് ശേഷം കഴിഞ്ഞ മൂന്നര വർഷക്കാലത്തെ നിയമനങ്ങളിൽ ഒ.ബി.സിക്കാർക്ക് ലഭിച്ച പ്രാതിനിദ്ധ്യത്തിന്റെ കണക്ക് വെളിപ്പെടുത്താൻ മന്ത്രി തയ്യാറായില്ല.മാത്രമല്ല, 1993 സെപ്‌തംബറിൽ പിന്നാക്ക സംവരണം തുടങ്ങിയ ശേഷം കേന്ദ്ര സർവ്വീസിലെ ഒ.ബി.സി പ്രാതിനിദ്ധ്യം കൂടിവരികയാണെന്ന പഴയ പല്ലവി കഴിഞ്ഞ ദിവസവും മന്ത്രി ആവർത്തിച്ചു. ഒ.ബി.സി പ്രാതിനിദ്ധ്യം 2012 ജനുവരി ഒന്നിന് 16.55 ശതമാനമായിരുന്നത് 2016 ജനുവരി ഒന്നിന്റെ കണക്കു പ്രകാരം 21.57ശതമാനമായി വർദ്ധിച്ചെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. 78 കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളിലെ നിയമന കണക്കനുസരിച്ച് 2016 ജനുവരി ഒന്നിന് പട്ടികജാതി വിഭാഗത്തിന് 17.49ശതമാനവും പട്ടികവർഗ വിഭാഗത്തിന് 8.47ശതമാനവും പ്രാതിനിദ്ധ്യമുണ്ട്. 15ശതമാനം സംവരണമുള്ള പട്ടികജാതി വിഭാഗത്തിനും 7.5ശതമാനം സംവരണമുള്ള പട്ടികവർഗ വിഭാഗത്തിനും അർഹമായതിനെക്കാൾ കൂടുതൽ നിയമനം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

5 മന്ത്രാലയങ്ങളിൽ ഒഴിവുള്ളത്

9,165 സംവരണ തസ്‌തികകൾ

കേന്ദ്ര സർക്കാരിലെ 90 ശതമാനം ജീവനക്കാരെയും ഉൾക്കൊള്ളുന്ന പത്ത് മന്ത്രാലയങ്ങളിലെ 2017, 2018 വർഷങ്ങളിലെ നിയമന കണക്കും ഒ.ബി.സി വിഭാഗങ്ങളുടെ ഒഴിഞ്ഞു കിടക്കുന്ന തസ്‌തികകളുടെ എണ്ണവും മന്ത്രി നൽകിയിട്ടുണ്ട്.

2018 ജനുവരി ഒന്നിന്റെ കണക്കു പ്രകാരം ഇവയിൽ തപാൽ, ഡിഫൻസ് പ്രൊഡക്‌ഷൻ, ഫിനാൻഷ്യൽ സർവ്വീസസ്, ആണവോർജ്ജം, ഹൗസിംഗ് ആന്റ് അർബൻ അഫയേഴ്സ് മന്ത്രാലയങ്ങളിലായി 9,165 സംവരണ തസ്‌തികകൾ ഒഴിഞ്ഞു കിടക്കുന്നു.. ഇതിൽ 3018 എണ്ണം പട്ടികജാതി വിഭാഗത്തിനും 3292 എണ്ണം പട്ടിക വർഗ വിഭാഗത്തിനും 2855 തസ്‌തികകൾ ഒ.ബി.സിക്കും അർഹതപ്പെട്ടതാണ്.

ഡിഫൻസ് പ്രൊഡക്‌ഷൻ വകുപ്പിൽ മാത്രം പട്ടികജാതിക്കാരുടെ 1329 തസ്‌തികകളും പട്ടികവർഗ വിഭാഗത്തിന്റെ 1658 തസ്‌തികകളും ഒഴിവാണ്. ഒ.ബി.സി വിഭാഗത്തിന്റെ ഏറ്റവും കൂടുതൽ തസ‌്‌തികൾ ഒഴിഞ്ഞു കിടക്കുന്നത് ഫിനാൻഷ്യൽ സർവ്വീസിലാണ്- 1280.. 2015ലെ കുടുംബാരോഗ്യ സർവ്വെ പ്രകാരം കേന്ദ്ര സർവ്വീസിൽ മുന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിദ്ധ്യം 48 ശതമാനമാണ്.

അതേ സമയം, രാജ്യത്തെ ശാസ്‌ത്ര സാങ്കേതിക സ്ഥാപനങ്ങളിൽ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിന് മതിയായ പ്രാതിനിദ്ധ്യമില്ലെന്ന് വിവരാവകാശ നിയമം വഴി ലഭിച്ച രേഖകൾ സൂചിപ്പിക്കുന്നു.