ന്യൂഡൽഹി: കേന്ദ്ര, സംസ്ഥാന വിവരാവകാശ കമ്മിഷണർമാരുടെ കാലാവധി, സേവന, വേതന വ്യവസ്ഥകളിൽ മാറ്റം വരുത്തുന്ന വിവരാവകാശ നിയമ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ എതിർപ്പിനെ തുടർന്ന് 79നെതിരെ 178 വോട്ടിനാണ് ബിൽ പാസാക്കിയത്. സർക്കാർ തലത്തിൽ സുതാര്യതയും വിശ്വാസ്യതയും വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് വിവരാവകാശ ഭേദഗതി കൊണ്ടുവന്നതെന്ന് കേന്ദ്ര പേഴ്‌സണൽ വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. കേന്ദ്ര വിവരാവകാശ കമ്മിഷണർമാർക്ക് നിലവിൽ ലഭിക്കുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർമാർക്ക് തുല്യമായ വേതന വ്യവസ്ഥകൾ ഒഴിവാക്കുന്നതാണ് ബിൽ. കേന്ദ്ര, സംസ്ഥാന ഇൻഫർമേഷൻ കമ്മിഷണർമാരുടെ സ്വതന്ത്രാധികാരം വെട്ടിക്കുറയ്‌ക്കാനും സർക്കാരുകൾക്ക് വിധേയമാക്കാനും പുതിയ ബിൽ ലക്ഷ്യമിടുന്നു.

 പാർലമെന്റിന്റെ നിയമനിർമ്മാണ ചരിത്രത്തിലെ കറുത്ത ദിവസമാണിന്ന്. ഭരണഘടനയോടും നിയമനിർമ്മാണ സഭയോടും ജുഡിഷ്യറിയോടുമുള്ള കനത്ത അനാദരവും ഭരണഘടനാ സ്ഥാപനങ്ങളെ അപമാനിക്കുന്നതുമാണ് പുതിയ ഭേദഗതി നിയമം. സുപ്രീംകോടതിയുടെ നിർദ്ദേശത്തെ ലംഘിക്കുന്ന പുതിയ ഭേദഗതി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്.

- എൻ.കെ. പ്രേമചന്ദ്രൻ എം.പി , ആർ.എസ്.പി

 വിവരാവകാശ നിയമത്തെ ദുർബലമാക്കുന്നതാണ് ഭേദഗതി. കഴിഞ്ഞ അഞ്ചു വർഷം കേന്ദ്ര സർക്കാർ സംസ്ഥാന വിവരാവകാശ കമ്മിഷണർമാരുടെ ഓഫീസുകളിലെ സുപ്രധാന തസ്‌തികകളിൽ നിയമനം നടത്താതെ പരാതികൾ തീർപ്പാക്കുന്നത് വൈകിച്ചു. നിലവിൽ 32,000 കേസുകൾ തീർപ്പാകാതെ കിടക്കുന്നു. സർക്കാർ സ്ഥാപനങ്ങളിലെ അഴിമതി ചോദ്യം ചെയ്യാനും പുറത്തുകൊണ്ടുവരാനുമുള്ള പൗരൻമാരുടെ അവകാശമാണ് ഇല്ലാതാകുന്നത്.

- ശശി തരൂർ എം.പി, കോൺഗ്രസ്