ന്യൂഡൽഹി: ആംബുലൻസ് അടക്കമുള്ള അടിയന്തര വാഹനങ്ങൾക്ക് സൈഡ് നൽകിയില്ലെങ്കിൽ 10000 രൂപ പിഴ ചുമത്തുന്നതടക്കം റോഡുകളിലെ നിയമലംഘനത്തിന് കർശന നടപടികൾ നിർദ്ദേശിക്കുന്ന മോട്ടർ വാഹന നിയമ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി.
പിഴശിക്ഷയിൽ പത്തിരട്ടിയോളം വർദ്ധനയാണ് ബില്ലിൽ നിർദ്ദേശിക്കുന്നത്. ബില്ലിലെ വ്യവസ്ഥകൾ സർക്കാർ പൊതുഗതാഗത സംവിധാനത്തെ തകർക്കുമെന്ന് പ്രതിപക്ഷം വിമർശിച്ചു. പുതിയ സാങ്കേതിക വിദ്യകൾക്കനുസരിച്ചാണ് ബില്ലിന്റെ രൂപകല്പനയെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി പറഞ്ഞു. എൻ.കെ. പ്രേമചന്ദ്രൻ അവതരിപ്പിച്ച 17 ഭേദഗതികൾ വോട്ടിനിട്ട് തള്ളി. ഇനി രാജ്യസഭ കൂടി അംഗീകരിച്ചാൽ ബിൽ നിയമമാകും.
പ്രധാന നിർദ്ദേശങ്ങൾ:
ഹെൽമറ്റ്, സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഒാടിച്ചാൽ 1000 രൂപ പിഴ (നിലവിൽ 100)
മദ്യപിച്ച് വാഹനമോടിച്ചാൽ 10,000 രൂപ (നിലവിൽ 2000 രൂപ)
അമിത വേഗത്തിൽ വാഹനം ഒാടിച്ചാൽ 5000 രൂപ (നിലവിൽ 500)
ലൈസൻസ് ഇല്ലാതെ വാഹനം ഒാടിച്ചാൽ 5000 രൂപ (നിലവിൽ 500)
വാഹനം ഒാടിച്ച് മൊബൈൽ ഫോൺ ഉപയോഗം, അശ്രദ്ധമായ ഡ്രൈവിംഗ് പിഴ 5000 രൂപ (നിലവിൽ 1000)
അമിതഭാരം കയറ്റിയാൽ 20,000 രൂപ (നിലവിൽ 2000)
ആംബുലൻസ്, ഫയർഎൻജിൻ, പൊലീസ് കൺട്രോൾ റൂം വാഹനങ്ങൾക്ക് യാത്രാ തടസമുണ്ടാക്കിയാൽ 10,000 രൂപ പിഴ
ഡ്രൈവിംഗ് ലൈസൻസിനും വാഹന രജിസ്ട്രേഷനും ആധാർ നിർബന്ധം
ഡ്രൈവിംഗ് ലൈസൻസ് കാലാവധി 10 വർഷം (നിലവിൽ 20). കാലാവധിക്ക് ഒരു വർഷം മുൻപും ഒരു വർഷത്തിനു ശേഷവും പുതുക്കാം (നിലവിൽ ഒരു മാസം)
ലേണേഴ്സ് ലൈസൻസ് അപേക്ഷ, അപേക്ഷാ ഫീ എന്നിവ ഓൺലൈനിൽ.
ലൈസൻസ് അപേക്ഷകർക്ക് വിദ്യാഭ്യാസ യോഗ്യത നിർബന്ധമല്ല.
ഡ്രൈവിംഗ് ലൈസൻസിൽ കൂടുതൽ വിഭാഗങ്ങൾ ചേർക്കാനുള്ള അപേക്ഷ (ടൂവീലർ, ഫോർവീലർ) രാജ്യത്ത് എവിടെയും നൽകാം.
രാജ്യത്ത് വിതരണം ചെയ്യുന്ന ലൈസൻസുകളുടെ വിവരങ്ങൾ ക്രോഡീകരിക്കാൻ ദേശീയ രജിസ്‌റ്റർ
തകരാറുള്ള വാഹനങ്ങൾ കമ്പനി തിരികെ വാങ്ങി ഉപഭോക്താവിന് മുഴുവൻ പണവും മടക്കി നൽകണം
വാഹനം ഓടിക്കുന്നവർക്കെല്ലാം ഇൻഷ്വറൻസ് പരിരക്ഷ
പുതിയ വാഹനങ്ങൾ ഡീലർമാർ ഉടമകൾക്ക് കൈമാറേണ്ടത് രജിസ്ട്രേഷനു ശേഷം. എവിടെ രജിസ്‌റ്റർ ചെയ്യണമെന്ന് ഉടമയ്‌ക്ക് തീരുമാനിക്കാം.
വാഹനം ഇടിച്ചിട്ട് ഒാടിച്ചു പോകുന്ന കേസുകളിൽ മരിക്കുന്നവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ നഷ്‌ടപരിഹാരം
(നിലവിൽ 25,000 രൂപ), ഗുരുതര പരിക്കിന് 50,000 രൂപ (നിലവിൽ 12,500 രൂപ)
കുട്ടികൾ വാഹനം ഒാടിച്ചാൽ രക്ഷിതാവിന് 25,000 രൂപ പിഴയും 3 വർഷം തടവും ലൈസൻസ് റദ്ദാക്കലും
റോഡിന്റെ തകരാർ കാരണമുള്ള അപകടത്തിന് കരാറുകാരൻ, സർക്കാർ വകുപ്പ്, കൺസൾട്ടൻസി എന്നിവർ ഉത്തരവാദികൾ.