ന്യൂഡൽഹി: രാജ്യം കണ്ട ഏറ്റവും ഹീനമായ രാഷ്ട്രീയ അട്ടിമറിയാണ് കർണാടകയിൽ ബി.ജെ.പി നടത്തിയതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. കേന്ദ്രസർക്കാരും ഗവർണറും മഹാരാഷ്ട്ര സർക്കാരിനൊപ്പം നടത്തിയ നെറികെട്ട കുതിര കച്ചവടത്തിലൂടെയാണ് സഖ്യസർക്കാരിനെ അട്ടിമറിച്ചത്. കൂറുമാറിയ എം.എൽ. എ. മാർക്ക് കോടിക്കണക്കിന് കള്ളപ്പണം കൈമാറിയും മന്ത്രിസ്ഥാനം അടക്കം പദവികളും വാഗ്ദാനം ചെയ്തുമാണ് അധാർമ്മിക രാഷ്ട്രീയ നീക്കത്തിന് കളമൊരുക്കിയത്. ഇൻകം ടാക്‌സ്, എൻഫോഴ്‌സ്‌മെന്റ് തുടങ്ങിയ കേന്ദ്ര ഏജൻസികളെയും വിലപേശലിനും ബ്ലാക്ക് മെയിലിംഗിനും വേണ്ടി ദുരുപയോഗം ചെയ്‌തു.
ഭരണപക്ഷ എം.എൽ. എ. മാർക്ക് പണം വാഗ്ദാനം ചെയ്യുന്നതിന്റെയും ചർച്ചനടത്തുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ നിയമസഭയ്‌ക്കു മുൻപിൽ വന്നു. രാഷ്ട്രീയ ധാർമ്മിക്ത ഉയർത്തിപ്പിടിക്കാനും ജനാധിപത്യം സംരക്ഷിക്കാനും കോൺഗ്രസും ജനതാദളും നിയമസഭയിലും സുപ്രീം കോടതിയിലും തെരുവുകളിലും പോരാടി. നിയമസഭയിൽ ബി.ജെ. പി മേൽക്കൈ നേടിയെങ്കിലും ധാർമ്മിക വിജയം കോൺഗ്രസ്-ജെ ഡി എസ് സഖ്യത്തിനാണെന്നും ബി.ജെ. പി നടത്തിയ അവിശുദ്ധ അട്ടിമറിക്കെതിരെ ദേശവ്യാപക പ്രചരണം നടത്തുമെന്നും വേണുഗോപാൽ പറഞ്ഞു