ന്യൂഡൽഹി: രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റ ആദ്യ പാർലമെന്റ് സമ്മേളനം രണ്ടാഴ്‌ച കൂടി നീട്ടാൻ ബി.ജെ.പിയുടെ നീക്കം. പാർലമെന്റിന്റെ പരിഗണനയിലുള്ള ബില്ലുകൾ പാസാക്കാനായി പത്തു ദിവസത്തേക്ക് സമ്മേളനം നീട്ടാനിടയുണ്ടെന്ന് ഇന്നലെ പാർലമെന്ററി പാർട്ടി യോഗത്തിൽ ബി.ജെ.പി ദേശീയ അദ്ധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ പറഞ്ഞു. ജൂൺ 17ന് തുടങ്ങിയ പാർലമെന്റ് സമ്മേളനം ഈമാസം 26നാണ് അവസാനിക്കേണ്ടത്. രാജ്യസഭയിലുള്ള 16 ബില്ലുകളും ലോക‌്‌സഭയുടെ പരിഗണനയിലുള്ള പത്ത് ബില്ലുകളും പാസാക്കാൻ സമ്മേളനം നീട്ടണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. മുത്തലാഖ് അടക്കമുള്ള പ്രധാന ബില്ലുകളും ഇക്കൂട്ടത്തിലുണ്ട്. എന്നാൽ നീക്കത്തെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷം എതിർക്കുകയാണ്. എംപിമാർക്ക് മണ്ഡലത്തിലെ ജോലികൾ ചെയ്യേണ്ടതുണ്ടെന്നും സമ്മേളനം നീട്ടാനാകില്ലെന്നും അവർ പറയുന്നു.