fact

ന്യൂഡൽഹി: നഷ്‌ടത്തിൽ പ്രവർത്തിക്കുന്ന ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിനെ (ഫാക‌്ട്) രക്ഷിക്കാനുള്ള സാമ്പത്തിക പാക്കേജിന്റെ ഭാഗമായി കൊച്ചി ഡിവിഷനിലെ അമ്പലമേടിലുള്ള 481.79 ഏക്കർ സ്ഥലം കേരള സർക്കാരിന് വിൽക്കും. ഇതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. സംസ്ഥാന സർക്കാരിന് കീഴിലുള്ള കിൻഫ്രയ്‌ക്കാവും സ്ഥലം കൈമാറുക.

എറണാകുളം ജില്ലാ കളക്‌ടർ വിലയിട്ടതനുസരിച്ച് ഏക്കറിന് 2.47 കോടി രൂപ നിരക്കിൽ 331.79 ഏക്കറും 143.22 ഏക്കറിൽ ഫാക‌്ടിന് സ്വതന്ത്രാധികാരം നൽകാമെന്ന ഉടമ്പടി പ്രകാരം ഏക്കറിന് ഒരു കോടി രൂപ നിരക്കിൽ 150 ഏക്കറും വിൽക്കാനാണ് അനുമതി ലഭിച്ചത്. സ്ഥലം വില്പന കൃത്യമായി നടക്കുന്നുവെന്ന് കേന്ദ് രസർക്കാർ ഉറപ്പാക്കും. സ്ഥലം വില്പനയിലൂടെ ലഭിക്കുന്ന പണം കേന്ദ്ര സർക്കാരിൽ നിന്നെടുത്ത വായ്‌പ തിരിച്ചടയ്‌ക്കാനും കമ്പനിയെ മെച്ചപ്പെടുത്താനും ഉപയോഗിക്കും. ഫാക്‌ട് സാമ്പത്തിക പാക്കേജ് ദീർഘകാലമായി കേന്ദ്രസർക്കാരിന്റെ പരിഗണനയിലായിരുന്നു.

കിൻഫ്ര പെട്രോകെമിക്കൽ കോംപ്ളക്സ് നിർമ്മിക്കും

പാക്കേജ് അനുസരിച്ച് കൈമാറുന്ന സ്ഥലത്ത് കിൻഫ്ര പെട്രോക്കെമിക്കൽ കോംപ്ളക്സ് നിർമ്മിക്കും.

സ്ഥലം വില്പനയിലൂടെ ലഭിക്കുന്ന തുക ഉപയോഗിച്ച് ഫാക്‌ടിന് മൂലധന കുറവു നികത്താനും ബാലൻസ് ഷീറ്റ് മെച്ചപ്പെടുത്താനും വിപുലീകരണ പ്രവർത്തനങ്ങളിലൂടെ സാമ്പത്തികവും ഭൗതികവുമായ വളർച്ച നേടാനും കഴിയുമെന്ന് കേന്ദ്രസർക്കാർ പത്രക്കുറിപ്പിൽ അറിയിച്ചു. വായ്പ തിരിച്ചടയ്‌ക്കുന്നതിനൊപ്പം രാസവള ഉത്പാദന ശേഷി വർദ്ധിപ്പിക്കൽ, അസംസ്‌കൃത വസ്‌‌തുക്കളുടെയും മറ്റു സാമഗ്രികളുടെയും കൈമാറ്റം തുടങ്ങിയവയും സാമ്പത്തിക പാക്കേജിൽ ലക്ഷ്യമിടുന്നു.