uapa

ന്യൂഡൽഹി: ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണത്തിന് കൂടുതൽ കരുത്തു പകരാനുള്ള വ്യവസ്ഥകളുള്ള ഭീകരവിരുദ്ധനിയമ - യു.എ.പി.എ(അൺലോഫുൾ ആക്‌ടിവിറ്റീസ് പ്രിവൻഷൻ) ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. ഫെഡറൽ അധികാരങ്ങളെ ലംഘിക്കുന്നുവെന്ന് എന്നാരോപിച്ച് വാക്കൗട്ട് നടത്തിയ കോൺഗ്രസ് അംഗങ്ങളുടെ അസാന്നിധ്യത്തിൽ എട്ടിനെതിരെ 287 വോട്ടുകൾക്കാണ് ബിൽ പാസായത്. രാജ്യസഭകൂടി പാസാക്കിയാൽ ബിൽ നിയമമാകും.

ഭീകരപ്രവർത്തനം എന്തെന്നും ആരാണ് ഭീകരനെന്നും വ്യക്തമായി നിർവചിക്കുന്ന വ്യവസ്ഥകളാണ് ഭേദഗതികളുടെ പ്രത്യേകത. ഇത് കേസുകളുടെ അന്വേഷണം എളുപ്പമാക്കാനും ദുരുപയോഗം തടയാനും ഉപകരിക്കുമെന്ന് ചർച്ചയ്‌ക്കു മറുപടി പറഞ്ഞ ആഭ്യന്തര മന്ത്രി അമിത് ഷാ ചൂണ്ടിക്കാട്ടി.

ഭീകരപ്രവർത്തനം അവസാനിപ്പിക്കാൻ ശക്തമായ നിയമം അനിവാര്യമാണെന്ന് അമിത് ഷാ പറഞ്ഞു. ഒരാളെ ഭീകരനായി പ്രഖ്യാപിക്കാൻ ചില വ്യവസ്ഥകൾ വേണമെന്നും അതാണ് ബിൽ ഉറപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പറഞ്ഞു. യു.എസ്, ചൈന, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിലവിൽ അതുണ്ട്. ഭീകരർക്ക് സഹായം നൽകുന്നവരെയും ഭീകരരായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയുള്ള മനസുകളെ ഇല്ലാതാക്കണം. സംഘടനകളെ നിരോധിച്ചതു കൊണ്ട് മാത്രം കാര്യമില്ല. ഫെഡറൽ വ്യവസ്ഥകൾക്ക് എതിരാണെന്ന പ്രതിപക്ഷത്തിന്റെ വാദത്തിൽ കഴമ്പില്ല. യു.എ.പി.എ ഭേദഗതിക്ക് തുടക്കമിട്ടത് യു.പി.എ സർക്കാരാണ്. യു.പി.എയ്‌ക്ക് ചെയ്യാമെങ്കിൽ എൻ.ഡി.എയ്‌ക്കും ആകാം.

ബില്ലിലെ പ്രധാന വ്യവസ്ഥകൾ:

 ഭീകരപ്രവർത്തന കേസുകൾ ഡിവൈ. എസ്.പി അല്ലെങ്കിൽ അസി.കമ്മിഷണർ റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥർക്ക് അന്വേഷിക്കാം. ദേശീയ അന്വേഷണ ഏജൻസിയിലെ(എൻ.ഐ.എ) സബ് ഇൻസ്‌പെക്‌ടറിൽ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർക്കും കേസ് അന്വേഷണത്തിന് അധികാരം.

 ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ടവരുടെ സ്വത്തുക്കൾ കണ്ടെടുക്കാൻ ഡി.ജി.പിയുടെ അനുമതി വേണം. എൻ.എെ.എയുടെ അന്വേഷണത്തിൽ അനുമതി നൽകേണ്ടത് എൻ. ഐ.എ ഡയറക്‌ടർ ജനറൽ

 ഭീകരപ്രവർത്തനത്തിൽ പങ്കുള്ളതോ, തയ്യാറെടുക്കുന്നതോ, പ്രോത്‌സാഹിപ്പിക്കുന്നതോ ആയ സംഘടനകളെ ഭീകര സംഘടനകളായി പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാരിന് അധികാരം.

 നിയമം ദുരുപയോഗം ചെയ്യപ്പെടും: മഹുവ മൊയ്‌ത്ര(തൃണമൂൽ)

ഭേദഗതി പ്രകാരം എൻ.ഐ.എയ്‌ക്ക് ഏതു സംസ്ഥാനത്തും കടന്നു ചെന്ന് പൊലീസിന്റെ അനുവാദമില്ലാതെ ആരെയും അറസ്‌‌റ്റു ചെയ്യാം. അത് ഫെഡറൽ സംവിധാനങ്ങളെ തകർക്കുന്നതാണ്. ഒരു വ്യക്തിയെ ഒരു നടപടിയും കൂടാതെ ഭീകരനെന്ന് മുദ്രകുത്താനും ബില്ലിൽ വ്യവസ്ഥയുണ്ട്. ബിൽ ജനവിരുദ്ധമാണ്. ഫെഡറൽ സംവിധാനത്തിന് എതിരാണ്. ഭരണഘടനാ വിരുദ്ധമാണ്. പിൻവലിക്കണം.