ന്യൂഡൽഹി: മുത്തലാഖ് ചൊല്ലുന്നത് ക്രിമിനൽ കുറ്റമാക്കുന്ന ഒാർഡിനൻസിന് പകരമുള്ള 'മുസ്ളീം സ്ത്രീകളുടെ വിവാഹ അവകാശ സംരക്ഷണ'ബിൽ ലോക്സഭ പാസാക്കി. മുമ്പ് രണ്ടുതവണ ലോക്സഭ പാസാക്കിയ ബിൽ രാജ്യസഭയിൽ കുടുങ്ങിയതിനെ തുടർന്നാണ് ഓർഡിൻസ് ഇറക്കിയത്. രണ്ടാംവട്ടത്തിലെ ആദ്യ സമ്മേളനത്തിൽ രാജ്യസഭയിലും ബിൽ പാസാക്കമെന്ന പ്രതീക്ഷയിലാണ് മോദി സർക്കാർ. പ്രതിപക്ഷത്തുള്ള ബി.ജെ.ഡി, വൈ.എസ്.ആർ കോൺഗ്രസ് പാർട്ടികളെ കേന്ദ്രസർക്കാർ രാജ്യസഭയിലെ പിന്തുണയ്ക്കായി സമീപിച്ചിട്ടുണ്ട്.
മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്നു വർഷം തടവു ശിക്ഷ ഉറപ്പാക്കുന്ന ഭേദഗതിയെയാണ് കോൺഗ്രസും തൃണമൂൽ കോൺഗ്രസും എതിർത്തത്. പൊലീസ് നിയമം ദുരുപയോഗപ്പെടുത്തുമെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി. പ്രതിപക്ഷ ആവശ്യത്തെ തുടർന്ന് ഭേദഗതികൾ വോട്ടിനിട്ടാണ് പാസാക്കിയത്. ബിൽ പരിഗണിക്കുന്നത് വോട്ടിനിട്ടപ്പോൾ 82പേർ എതിർത്തും 302 പേർ അനുകൂലിച്ചും വോട്ടു ചെയ്തു. കോൺഗ്രസ്, മുസ്ളീംലീഗ് അടക്കമുള്ള കക്ഷികൾ എതിർത്തു. തടവുശിക്ഷ വ്യവസ്ഥയുള്ള ഭേദഗതി വോട്ടിനിട്ട സമയത്ത് കോൺഗ്രസ് അടക്കം പ്രതിപക്ഷം വാക്കൗട്ട് നടത്തി. കഴിഞ്ഞ തവണ ബിൽ ലോക്സഭയിൽ പരിഗണിച്ച സമയത്തെ നിലപാട് വിവാദമായത് കണക്കിലെടുത്ത് തന്ത്രപരമായാണ് കോൺഗ്രസ് വോട്ടെടുപ്പിനിടെ ഇറങ്ങിപ്പോയത്. ഡൽഹിയിലുണ്ടായിട്ടും രാഹുൽ ഗാന്ധി സഭയിൽ ഹാജരായിരുന്നില്ല. മുസ്ളീം വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി എൻ.ഡി.എ സഖ്യകക്ഷിയായ ജെ.ഡി.യു അംഗം രാജീവ് രഞ്ജൻ സിംഗ് ബില്ലിനെ എതിർത്തതും ശ്രദ്ധേയമായി.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് മുത്തലാഖ് ക്രിമിനൽ കുറ്റമാക്കാൻ ബിൽ കൊണ്ടുവരുന്നതെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞപ്പോൾ സ്ത്രീകളുടെ അവകാശം സംരക്ഷിക്കാൻ ശ്രമിക്കുന്ന സർക്കാർ ശബരിമലയിലെ യുവതി പ്രവേശം സംബന്ധിച്ച വിധി നടപ്പാക്കാൻ ശ്രമിക്കാത്തത് എന്തുകൊണ്ടെന്ന് ബില്ലിനെതിരെ ഭേദഗതി കൊണ്ടുവന്ന എൻ.കെ. പ്രേമചന്ദ്രൻ ചോദിച്ചു.
എൻ.കെ. പ്രേമചന്ദ്രൻ(ആർ.എസ്.പി)
ബിൽ പ്രാകൃതവും സമുദായത്തോടുളള കനത്ത അവഗണനയുമാണ്. മുസ്ലീം സമുദായത്തിലെ വിവാഹമോചനം മാത്രം ക്രിമിനൽ കുറ്റമാകുന്നത് ഒരു സമുദായത്തെ അപമാനിക്കാൻ ലക്ഷ്യമിട്ടാണ്. 'മുത്തലാഖ്' നിയമപരമായി അസാധുവായി സുപ്രീം കോടതി പ്രഖ്യാപിച്ച സാഹചര്യത്തിൽ നിമയനിർമ്മാണത്തിന് പ്രസക്തിയില്ല. ജയിലിൽ കിടക്കു ഭർത്താവ് ഭാര്യയ്ക്കും കുഞ്ഞുങ്ങൾക്കും ജീവിതചെലവ് നൽകണമെ വ്യവസ്ഥ വിചിത്രമാണ്. നിയമപരമായി ഭാര്യ - ഭർത്തൃബന്ധം നിലനിൽക്കുമ്പോൾ ഭർത്താവിനെ നിയമപരമായി വേർപ്പെടുത്തുത് യുക്തിസഹമല്ല.
ഇ.ടി. മുഹമ്മദ് ബഷീർ(മുസ്ളീംലീഗ്)
മുസ്ളീം വിഭാഗത്തെ ഭീതിയുടെ നിഴലിൽ നിറുത്താനാണ് സർക്കാർ ശ്രമം. അത്തരം കുത്സിത ശ്രമങ്ങളെ പരാജയപ്പെടുത്തും.
പി.കെ. കുഞ്ഞാലിക്കുട്ടി(മുസ്ളീം ലീഗ്)
സർക്കാരിന്റേത് വിവേചനപരമായ നിലപാടാണ്. ധൃതിയിൽ പാസാക്കിയെടുക്കാൻ ശ്രമിക്കുന്നതിലൂടെ രാഷ്ട്രീയ അജണ്ടെന്ന് വ്യക്തം.