assam-khan-

ന്യൂഡൽഹി: വിവാദ പ്രസ്‌താവനകളിലൂടെ പതിവായി വാർത്തകളിൽ ഇടം നേടാറുള്ള ഉത്തർപ്രദേശിൽ നിന്നുള്ള സമാജ്‌വാദി അംഗം അസംഖാൻ സ്‌പീക്കർ പാനലിലുള്ള ബി.ജെ.പി അംഗം രമാദേവിക്കെതിരെ മോശം പരാമർശം നടത്തി വീണ്ടും കുരുക്കിൽ. ലോക്‌സഭയിൽ ഇന്നലെ മുത്തലാഖ് ബില്ലിൻമേലുള്ള ചർച്ചയ്‌ക്കിടെ അംഗങ്ങളുടെ ബഹളത്തിൽ അസംഖാന്റെ പ്രസംഗം തടസപ്പെട്ടപ്പോഴാണ് സംഭവം. ആസമയം സഭ നിയന്ത്രിച്ചിരുന്ന രമാദേവി ബഹളം കണക്കിലെടുക്കാത പ്രസംഗം തുടരാൻ നിർദ്ദേശിച്ചു. അതിന് മറുപടിയായാണ് അസംഖാന്റെ ഭാഗത്തു നിന്ന് പരാമർശമുണ്ടായത്. ഇതു കേട്ടയുടൻ രമാദേവി സ്‌ത്രീകളോട് സംസാരിക്കേണ്ട ഭാഷയല്ലെന്നും പരാമർശം സഭാ രേഖയിൽ നിന്ന് നീക്കം ചെയ്യാനും പറഞ്ഞു.

വിഷയം ഏറ്റുപിടിച്ച ബി.ജെ.പി അംഗങ്ങൾ പ്രതിഷേധവുമായി എഴുന്നേറ്റ് എം.പി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു. സംഗതി വിവാദമായെന്ന് മനസിലായതോടെ അസംഖാൻ ക്ഷമാപണ സ്വരത്തിൽ രമാദേവിയെ പ്രിയപ്പെട്ട സഹോദരിയെന്ന് വിശേഷിപ്പിച്ച് രംഗംതണുപ്പിക്കാൻ ശ്രമിച്ചു. താൻ മുതിർന്ന രാഷ്‌ട്രീയ നേതാവാണെന്നും മോശമായി ഒന്നും ഉദ്ദേശിച്ചില്ലെന്നും അൺപാർലമെന്ററിയായി എന്തെങ്കിലും പറഞ്ഞെന്ന് തെളിഞ്ഞാൽ എം.പി സ്ഥാനം രാജിവയ്‌ക്കുമെന്നും പറഞ്ഞു. അസംഖാന് പിന്തുണയുമായി സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ഉടൻ എഴുന്നേറ്റു. വനിതാ അംഗത്തിനെതിരെ അസംഖാൻ മോശമായി സംസാരിച്ചിട്ടില്ലെന്നും ആരോപണമുന്നയിക്കുന്ന ബി.ജെ.പി അംഗങ്ങളുടെ ധിക്കാരമാണ് സഭയിൽ കാണുന്നതെന്നും പറഞ്ഞു.

ആ സമയം സഭയിൽ തിരിച്ചെത്തിയ സ‌്‌പീക്കർ ഓം ബിർള അംഗങ്ങൾ പാർലമെന്റിന്റെ മാന്യത കാക്കാൻ ബാദ്ധ്യസ്ഥരാണെന്നും മോശം പരാമർശം നടത്തുന്നത് ശ്രദ്ധിച്ചു വേണമെന്നും മുന്നറിയിപ്പ് നൽകി. രേഖയിൽ നിന്ന് നീക്കം ചെയ്‌താലും അവ പൊതുയിടങ്ങളിൽ പരസ്യമായിട്ടുണ്ടെന്ന ഒാർമ്മ വേണമെന്നും പറഞ്ഞു. എസ്.പി, ബി.എസ്.പി അംഗങ്ങൾ മുത്തലാഖ് ചർച്ചയിൽ നിന്ന് പിന്നീട് വാക്കൗട്ട് നടത്തി.

കഴിഞ്ഞ തിരഞ്ഞെടുപ്പിനിടെ ബി.ജെ.പി സ്ഥാനാർത്ഥി ജയപ്രദയ്‌ക്കെതിരെ നടത്തിയ മോശം പരാമർശത്തിന്റെ പേരിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ അസംഖാനെതിരെ നടപടിയെടുത്തിരുന്നു.