ന്യൂഡൽഹി :ലോക്സഭയിലെ ബി. ജെ. പിയുടെ വനിതാ അംഗം രമാദേവിക്കെതിരെ ലൈംഗികച്ചുവയുള്ള പരാമർശം നടത്തിയ ഉത്തർപ്രദേശിലെ സമാജ്വാദി പാർട്ടി എം.പി അസംഖാനെതിരെ നടപടിയെടുക്കണമെന്ന് സഭയിലെ ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടു. പാർട്ടി നേതാക്കളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് സ്പീക്കർ ഓംബിർള അറിയിച്ചു. അസംഖാന്റെ അസാന്നിദ്ധ്യത്തിലായിരുന്നു ചർച്ച.
വ്യാഴാഴ്ച മുത്തലാഖ് ചർച്ചയ്ക്കിടെ ബി.ജെ.പി അംഗങ്ങളെ നോക്കി മറുപടി പറയാൻ ശ്രമിച്ച അസംഖാനോട് ചെയറിലേക്ക് നോക്കി പ്രസംഗിക്കാൻ സഭ നിയന്ത്രിച്ചിരുന്ന രമാദേവി ആവശ്യപ്പെട്ടപ്പോഴായിരുന്നു വിവാദ പരാമർശം.
ഇന്നലെ ശൂന്യവേളയിൽ ബി.ജെ.പി എം.പി സംഘമിത്ര മൗര്യയാണ് അസംഖാൻ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടത്. തുടർന്ന് മന്ത്രി സ്മൃതി ഇറാനി വിഷയം ഏറ്റെടുത്തു. അസംഖാനെ പിന്തുണച്ച സമാജ്വാദി നേതാവ് അഖിലേഷ് യാദവിനെയും സ്മൃതി ആക്രമിച്ചു.
വിഷയം എത്തിക്സ് കമ്മിറ്റിക്ക് വിടണമെന്ന കോൺഗ്രസിന്റെ നിലപാട് ചോദ്യം ചെയ്ത ധനമന്ത്രി നിർമ്മലാ സീതാരാമൻ വനിതാ അംഗത്തെ അപമാനിച്ചതിൽ സഭയ്ക്ക് രണ്ടുമനസ് പാടില്ലെന്ന് പറഞ്ഞു. എൻ.സി.പിയുടെ സുപ്രിയാ സുലേ, തൃണമൂലിന്റെ മിമി ചക്രവർത്തി, ഡി.എം.കെയുടെ കനിമൊഴി,തുടങ്ങിയ വനിതാ അംഗങ്ങളും അസംഖാനെതിരെ നടപടി ആവശ്യപ്പെട്ടു. മാപ്പു പറഞ്ഞില്ലെങ്കിൽ അസംഖാനെ പുറത്താക്കണമെന്ന് നിയമ മന്ത്രി രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു. അസംഖാന്റെ പരാമർശം സഭയ്ക്ക് ചേരാത്തതാണെന്ന് സമ്മതിച്ച കോൺഗ്രസ് സഭാ നേതാവ് ആധിർ രഞ്ജൻ ചൗധരി ബി.ജെ.പി അംഗങ്ങൾ മുൻപ് സോണിയ ഗാന്ധിയെ ഇറ്റലിയുമായി ബന്ധപ്പെടുത്തി കളിയാക്കിയത് അടക്കം എല്ലാ സംഭവങ്ങളും നടപടിക്ക് വിധേയമാക്കണമെന്ന് പറഞ്ഞത് ഭരണപക്ഷത്തെ ചൊടിപ്പിച്ചു. മീടൂ ആരോപണത്തിൽ ഉൾപ്പെട്ട മുൻ മന്ത്രിയും എം.പിയുമായ എം.ജെ. അക്ബറിനെതിരെ സർക്കാർ എന്തു നടപടി സ്വീകരിച്ചു എന്ന് അസദുദ്ദീൻ ഓവൈസിയും ചോദിച്ചു.
''സ്ത്രീകളുടെ അന്തസിനും മഹിമയ്ക്കും ചേർന്ന പരാമർശമല്ല, അസംഖാൻ നടത്തിയത്. അദ്ദേഹം പാർലമെന്റിൽ മാത്രമല്ല, എല്ലാ സ്ത്രീകളോടും മാപ്പ് പറയണം. " - മായാവതി, ബി.എസ്.പി നേതാവ്
''അസംഖാന്റെ പരാമർശം വനിതകൾക്കു മാത്രമല്ല, പുരുഷ അംഗങ്ങൾക്കും അപമാനമാണ്. പുറത്താണെങ്കിൽ പൊലീസിനെ സമീപിക്കാം. സഭയിലായതിനാൽ സ്പീക്കർ നടപടിയെടുക്കണം."- സ്മൃതി ഇറാനി
ജയപ്രദയെ പറഞ്ഞതും പുലിവാല്...
സ്ത്രീവിരുദ്ധ പരാമർശത്തിന്റെ പേരിൽ അസംഖാൻ ഇതിന് മുമ്പും വിവാദമുണ്ടാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിനിടെ രാംപൂർ മണ്ഡലത്തിലെ തന്റെ എതിർ സ്ഥാനാർത്ഥിയായിരുന്ന ജയപ്രദക്കെതിരെ വിവാദ പരാമർശമുന്നയിച്ചത് വിവാദമായിരുന്നു.
"കഴിഞ്ഞ 10 വർഷം നിങ്ങൾ അവരെ(ജയപ്രദ) നിങ്ങളുടെ പ്രതിനിധിയായി തിരഞ്ഞെടുത്തു. പക്ഷേ അവരെ തിരിച്ചറിയാൻ നിങ്ങൾ 17 വർഷമെടുത്തെങ്കിൽ വെറും 17 ദിവസത്തിനുള്ളിൽ അവരുടെ അടിവസ്ത്രം കാക്കിയാണെന്ന് എനിക്ക് തിരിച്ചറിയാൻ സാധിച്ചുവെന്നായിരുന്നു'' അസം ഖാന്റെ പരാമർശം. പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ സാന്നിദ്ധ്യത്തിലായിരുന്നു പ്രസ്താവന.