ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയും കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ ഡി.കെ. ശിവകുമാറും ആരോപണവിധേയരായ ഭൂമി തട്ടിപ്പ് കേസ് പുനരുജ്ജീവിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി മറ്റൊരു ദിവസത്തേക്ക് മാറ്റി.
കേസ് പിൻവലിക്കാൻ ഹർജിക്കാരനായ കബ്ബാലെ ഗൗഡയ്ക്ക് അനുമതി നൽകിയ ഫെബ്രുവരി 21ലെ സുപ്രീംകോടതി ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യത്തെ യെദിയൂരപ്പയും
ഡി.കെ. ശിവകുമാറും ഒന്നിച്ച് എതിർത്തു.
2008ലെ ഭൂമി തട്ടിപ്പ് കേസ് പുനരുജ്ജീവിപ്പിക്കണമെന്നാവശ്യപ്പെട്ട് സമാജ് പരിവർത്തൻ സമുദായ എന്ന എൻ.ജി.ഒ ആണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹർജിയെ ഡി.കെ. ശിവകുമാറിന് വേണ്ടി അഭിഷേക് സിംഗ്‌വിയും യെദിയൂരപ്പയ്ക്ക് വേണ്ടി മുകുൾ റോത്തഗിയും ശക്തമായി എതിർത്തു. കേസ് നേരിട്ട് ബാധിക്കാത്ത മൂന്നാമതൊരു കക്ഷിക്ക് ഇതിൽ ഇടപെടാൻ അവകാശമെന്തെന്ന് ഇരുവരും ചോദിച്ചു. എന്നാൽ അഴിമതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ആർക്കും കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് എം.ആർ. ഷാ നിരീക്ഷിച്ചു.
പിൻവലിച്ച് ഒരുവർഷത്തോളമാകുന്ന കേസ് അനാവശ്യമായി കുത്തിപ്പൊക്കുകയാണെന്ന് മുകുൾ റോത്തഗി പറഞ്ഞു. നേരത്തേ ഹർജിക്കാരനായ കബ്ബാലെ ഗൗഡയുടെ അഭിഭാഷകനായിരുന്നു പ്രശാന്ത് ഭൂഷണെന്നും ഹർജി പിൻവലിച്ചശേഷം എൻ.ജി.ഒയ്ക്ക് വേണ്ടി ഹാജരാകുകയാണെന്നും ചൂണ്ടിക്കാട്ടി. എന്നാൽ കബ്ബാലെ ഗൗഡ ഒത്തുതീർപ്പിന് വഴങ്ങിയാണ് പെട്ടെന്ന് കേസ് പിൻവലിച്ചതെന്ന് പ്രശാന്ത് ഭൂഷൺ മറുപടി നൽകി. തുടർന്ന് ജസ്റ്റിസ് അരുൺമിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഹർജി മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു.
ആരോപണം ഇങ്ങനെ
..............................
2003ൽ ഡി.കെ .ശിവകുമാർ 1.62 കോടിക്ക് സ്വകാര്യ വ്യക്തിയിൽ നിന്ന് 4.20 ഏക്കർ ഭൂമി വാങ്ങിയതിലാണ് തട്ടിപ്പ് ആരോപണം ഉയർന്നത്. ഈ ഭൂമി ബാംഗ്ലൂർ ഡെവലപ്‌മെന്റ് അതോറിട്ടി (ബി.ഡി.എ) നേരത്തേ ഏറ്റെടുത്തതാണ്. സർക്കാർ ഏറ്റെടുത്ത ഭൂമി കൈമാറുന്നത് നിരോധിക്കുന്ന 1991ലെ കർണാടക ഭൂനിയമം ലംഘിച്ചാണ് ഇടപാടെന്നാണ് പരാതി. 2010ൽ ഈ കൈമാറ്റം നിയമവിധേയമാക്കി നൽകിയെന്നതാണ് യെദിയൂരപ്പയ്ക്കു നേരെയുള്ള ആരോപണം.