ന്യൂഡൽഹി: ജയ്ശ്രീറാം വിളിക്കാത്തതിന്റെ പേരിലുള്ള ആൾക്കൂട്ട അക്രമങ്ങളെ അലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 49 സാസ്‌കാരിക നായകർ കത്തയച്ചതിനെതിരെ ചലച്ചിത്രതാരം കങ്കണാ റെണോട്ട്, സംവിധായകൻ മധു ഭണ്ഡാർക്കർ, ഗാനരചയിതാവും സെൻസർബോർഡ് അദ്ധ്യക്ഷനുമായ പ്രസൂൺ ജോഷി, നർത്തകി സൊണാൾ മാൻസിംഗ്, സംഗീതജ്ഞൻ പണ്ഡിറ്റ് വിശ്വമോഹൻ ഭട്ട്, സ്വപൻ ദാസ് ഗുപ്‌ത എംപി എന്നിവരടക്കം 62 സാമൂഹ്യ, സാംസ്‌കാരിക പ്രവർത്തകർ രംഗത്ത്.
സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ അടക്കം 49 സാമൂഹ്യ സാംസ്‌കാരിക നേതാക്കൾ വസ്‌തുതകളെ ഒരു വശം മാത്രം കണ്ട് തെറ്റായ ആഖ്യാനം നൽകുന്നവരാണെന്ന് പ്രധാനമന്ത്രിക്ക് അയച്ച തുറന്ന കത്തിൽ അവർ ആരോപിച്ചു. രാജ്യത്തിന്റെയും ജനാധിപത്യ മൂല്യങ്ങളുടെയും സ്വയം പ്രഖ്യാപിത രക്ഷിതാക്കളും മനസാക്ഷി സൂക്ഷിപ്പുകാരും ചമയുന്നവർ വ്യക്തമായ രാഷ്‌ട്രീയ ചായ്‌വോടെയാണ് അത്തരം നീക്കങ്ങൾ നടത്തുന്നത്. ജനാധിപത്യ മൂല്യങ്ങളെയും രാജ്യത്തിന്റെയും ജനങ്ങളുടെയും ഐക്യത്തെയും കരിതേച്ച് കാണിക്കുകയാണ് ലക്ഷ്യം.അതേസമയം അവർ പശ്‌ചിമ ബംഗാളിൽ മമതാ ബാനർജിയുടെ ഭരണത്തിൻകീഴിൽ നടക്കുന്നത് അടക്കം രാഷ്‌ട്രീയ കൊലപാതകങ്ങളെയും അക്രമങ്ങളെയും കണ്ടില്ലെന്നു നടിക്കുന്നു. രാജ്യത്തിന്റെ വികസനത്തെ തടസപ്പെടുത്തുന്ന ഇത്തരക്കാരെ അവഗണിക്കണമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.