ന്യൂഡൽഹി: ആഗസ്‌റ്റ് ഒന്നുമുതൽ വൈദ്യുതിയിൽ ഓടുന്ന വാഹനങ്ങളുടെയും അവ ചാർജു ചെയ്യാനുള്ള ഉപകരണങ്ങളുടെയും ജി.എസ്.ടി 5 ശതമാനമാക്കാൻ ഇന്നലെ ചേർന്ന ജി.എസ്.ടി കൗൺസിൽ യോഗം തീരുമാനിച്ചു. നേരത്തേ വാഹനങ്ങൾക്ക് 12 ശതമാനവും ചാർജു ചെയ്യാനുള്ള ഉപകരണങ്ങളുടെ ജി.എസ്.ടി 18 ശതമാനവുമായിരുന്നു. പ്രാദേശികമായി ഉദ്യോഗസ്ഥർ ഇലക്ട്രിക് ബസുകൾ വാടകയ്‌ക്കെടുത്താൽ ജി.എസ്.ടി ഒഴിവാക്കും.
വൈദ്യുതി വാഹനങ്ങൾ പ്രോത്‌സാഹിപ്പിക്കുമെന്ന രണ്ടാം മോദിസർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് പ്രഖ്യാപനത്തിന്റെ ഭാഗമായാണ് തീരുമാനം. ഡൽഹിയിൽ ധനമന്ത്രി നിർമ്മലാ സീതാരാമന്റെ അദ്ധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം ചേർന്നത്.
വൈദ്യുതി വാഹനങ്ങൾക്കുള്ള വായ്‌പയുടെ പലിശയിൽ ഒന്നര ലക്ഷം രൂപയുടെ ആദായ നികുതി ഇളവ് ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചിരുന്നു. നികുതി കുറച്ച് വൈദ്യുതി വാഹനങ്ങൾ പ്രോത്‌സാഹിപ്പിക്കുന്നതിനൊപ്പം പെട്രോൾ, ഡീസൽ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ ഫീ കൂട്ടാനും കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്. പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന് 5000 രൂപയും പുതുക്കുന്നതിന് 10,000 രൂപയുമാണ് ശുപാർശ. നിലവിൽ രണ്ടിനും 600രൂപ മാത്രമാണ് ഈടാക്കുന്നത്.
സേവന വിതരണക്കാർക്കുള്ള ജി.എസ്.ടി ഫയലിംഗ് നടത്താനുള്ള സമയം ജൂലായ് 31ൽ നിന്ന് സെപ്‌തംബർ 30വരെയും സെൽഫ് അസസ്സ്ഡ് നികുതി ഫയലിംഗിനുള്ള സമയം ജൂലായ് 31ൽ നിന്ന് ആഗസ്‌റ്റ് 31വരെയായി നീട്ടാനും ഇന്നലെ ചേർന്ന ജി.എസ്.ടി കൗൺസിൽ യോഗം തീരുമാനിച്ചു.