mammootty-

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് കാരണം നീട്ടിവച്ച ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം അനിശ്‌ചിതമായി നീളുന്നു. ദേശീയ ജൂറി തിരഞ്ഞെടുക്കപ്പെട്ട ചലച്ചിത്രങ്ങൾ കണ്ടു തീർന്നെങ്കിലും അവാർഡുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം തീയതി തീരുമാനിക്കാത്തതാണ് കാരണം. ദേശീയ ചലച്ചിത്ര അാർഡ് മാർച്ചിൽ പ്രഖ്യാപിച്ച് മെയിൽ അവാർഡ് ദാനം നടത്തുന്നതാണ് പതിവ്. പേരൻപ് എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അവാർഡിനായി മമ്മൂട്ടിയും അവസാനഘട്ട മത്സരത്തിനുണ്ടെന്നാണ് സൂചന. മാന്റോ എന്ന ചിത്രത്തിലെ എഴുത്തുകാരന്റെ വേഷം ഗംഭീരമാക്കിയ നവാസുദ്ദീൻ സിദ്ദിഖി, ഒമെർത എന്ന ചിത്രത്തിൽ ഭീകരനായി വേഷമിട്ട രാജ്‌കുമാർ റാവു, ബദായി ഹോ എന്ന ചിത്രത്തിലൂടെ ഗജ്‌രാജ് റാവു എന്നിവരും മത്സരത്തിനുണ്ട്.

അവാർഡ് പ്രഖ്യാപനം രാഷ്‌ട്രീയ വിവാദങ്ങളുണ്ടാക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞ് മതിയെന്ന് കേന്ദ്ര സർക്കാർ തീരുമാനിച്ചെങ്കിലും പിന്നീട് സർക്കാർ രൂപീകരണവും തൊട്ടുപുറകെ പാർലമെന്റ് സമ്മേളനത്തിന്റെ തിരക്കുകളും അവാർഡ് പ്രഖ്യാപനത്തിന് തടസമായി. പാർലമെന്റ് സമ്മേളനം ആഗസ്‌റ്റ് 7ലേക്ക് മാറ്റിയ സാഹചര്യത്തിൽ പുതിയ തീയതി പ്രഖ്യാപനം വൈകാനും സാദ്ധ്യതയുണ്ട്.

ഇക്കുറി അവാർഡ് ദാന ചടങ്ങിൽ രാഷ്‌ട്രപതിക്കു പകരം ഉപരാഷ്‌ട്രപതിയെ പങ്കെടുപ്പിക്കാനും നീക്കം നടക്കുന്നുണ്ട്. ആരോഗ്യ കാരണങ്ങളാൽ കഴിഞ്ഞ വർഷം അവാർഡ് ദാന ചടങ്ങിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് പ്രധാനപ്പെട്ട അവാർഡുകൾ മാത്രം വിതരണം ചെയ്‌തത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ താത്പര്യമില്ലെന്ന് രാഷ്‌ട്രപതി അറിയിച്ചതായി സൂചനയുണ്ട്.