ന്യൂഡൽഹി: ജമ്മുകാശ്മീരിലെ ജനങ്ങൾ നല്ല ഭരണം ആഗ്രഹിക്കുന്നുണ്ടെന്നും, വികസനത്തിന് വെടിയുണ്ടകളെക്കാൾ ശക്തിയുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിൽ പറഞ്ഞു.
വികസനവഴിയിൽ വിദ്വേഷം വിതറുന്നവരും തടസമുണ്ടാക്കുന്നവരും വിജയിക്കില്ല. സർക്കാർ ഉദ്യോഗസ്ഥർ നേരിട്ടെത്തി പ്രദേശവാസികളുമായി വികസന പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ചചെയ്യുന്ന 'ബാക് ടു വില്ലേജ്' പരിപാടിക്ക് ജമ്മു കാശ്മീരിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഒറ്റപ്പെട്ട ഗ്രാമങ്ങളിൽ നിന്നുള്ളവർ പോലും പരിപാടിക്കെത്തി. വികസന പ്രവർത്തനങ്ങളോട് കാശ്മീർ ജനതയുടെ സമീപനം, അവർ മികച്ച ഭരണം ആഗ്രഹിക്കുന്നതിന്റെ സൂചനയാണ്- മോദി പറഞ്ഞു.
വിശ്വാസവും ഭയരാഹിത്യവുമാണ് ചന്ദ്രയാൻ- 2 നൽകിയ പാഠങ്ങൾ. നമ്മുടെ നൈപുണ്യത്തെക്കുറിച്ചും കഴിവുകളെക്കുറിച്ചും വിശ്വാസം വേണം. ജീവിതത്തിൽ എല്ലാ കാര്യത്തിലും ഭയമില്ലാത്തവരായിരിക്കണം. റെക്കാഡ് സമയം കൊണ്ടാണ് നമ്മുടെ ശാസ്ത്രജ്ഞർ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് ചന്ദ്രയാൻ 2 വിക്ഷേപിച്ചത്. മഴക്കെടുതി നേരിടുന്ന സംസ്ഥാനങ്ങൾക്ക് എല്ലാ സഹായവും പ്രധാനമന്ത്രി ഉറപ്പുനൽകി.