ന്യൂഡൽഹി: രാജ്യത്തെ അണക്കെട്ടുകളുടെ സുരക്ഷയും നിയന്ത്രണവും ലക്ഷ്യമിട്ടുള്ള ഡാം സേഫ്ടി ബിൽ കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചു. അണക്കെട്ടുകളുടെ നിരീക്ഷണം, പരിശോധന, അറ്റകുറ്റപ്പണികൾ തുടങ്ങിയവയ്ക്ക് ഏകീകൃത മാനദണ്ഡം കൊണ്ടുവരുന്ന ബിൽ മന്ത്രി ഗജേന്ദ്ര ഷെഖാവത്താണ് അവതരിപ്പിച്ചത്. ബിൽ സംസ്ഥാനങ്ങളുടെ അധികാരം കവരുമെന്ന് ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധിച്ചു.
എന്നാൽ, ഇതിന് അടിസ്ഥാനമില്ലെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തെ 92 ശതമാനം ഡാമുകളും നിർമ്മിച്ചിരിക്കുന്നത് അന്തർ സംസ്ഥാന നദികളിലാണെന്നും അണക്കെട്ടിന്റെ സുരക്ഷയ്ക്കായി പൊതു ചട്ടം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. 5344 വലിയ അണക്കെട്ടുകൾ രാജ്യത്തുണ്ട്. ഇതിൽ 293 അണക്കെട്ടുകളും 100 വർഷത്തിനു മുകളിൽ പഴക്കമുള്ളതാണ്. 1,041 അണക്കെട്ടുകൾക്ക് 50 മുതൽ 100 വരെ പഴക്കമുണ്ട്.
വിശദമായ ചർച്ച വേണമെന്ന് കോൺഗ്രസ് ലോക്സഭാകക്ഷി നേതാവ് അധിർരഞ്ജൻ ചൗധരി പറഞ്ഞു. ബിൽ പാർലമെന്റ് സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിടണമെന്ന് എ. രാജ ആവശ്യപ്പെട്ടു. ബിൽ നിയമമായാൽ മുല്ലപ്പെരിയാർ അണക്കെട്ട് ദേശീയ സമിതിക്ക് കീഴിലാകുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി.
മുല്ലപ്പെരിയാർ ദേശീയ
അതോറിട്ടിക്ക് കീഴിൽ
രാജ്യത്ത് അണക്കെട്ട് സുരക്ഷയുമായി ബന്ധപ്പെട്ട് നയങ്ങളും മാർഗനിർദ്ദേശങ്ങളും നിലവാര മാനദണ്ഡങ്ങളും നിർദ്ദേശിക്കുന്നതിനും നടപ്പാക്കുന്നതിനുമായി ദേശീയ തലത്തിൽ അതോറിട്ടിക്ക് ബിൽ ശുപാർശ ചെയ്യുന്നു. ഒരു സംസ്ഥാനത്തിന്റെ അണക്കെട്ട് മറ്റൊരു സംസ്ഥാനത്തിന്റെ ഭൂപരിധിയിലാണെങ്കിൽ അന്തർ സംസ്ഥാന തർക്കങ്ങൾ ഒഴിവാക്കാൻ ദേശീയ അതോറിട്ടിക്കാവും ചുമതല. ബിൽ നിയമമായാൽ മുല്ലപ്പെരിയാർ അണക്കെട്ട് ദേശീയ അതോറിട്ടിക്ക് കീഴിലാകും.
അണക്കെട്ട് സുരക്ഷാ നയങ്ങൾക്ക് രൂപം നൽകുന്നതിനായി ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഡാം സേഫ്ടി സമിതിക്കും ശുപാർശയുണ്ട്. നിരീക്ഷണം, പരിശോധന, നടത്തിപ്പ്, അറ്റകുറ്റപ്പണികൾ എന്നിവയുടെ ഉത്തരവാദിത്വം സംസ്ഥാന സമിതികൾക്കായിരിക്കും.