ന്യൂഡൽഹി: രാഹുൽ ഗാന്ധി പ്രസിഡന്റ് സ്ഥാനം രാജി വച്ച് എട്ടാഴ്വയായിട്ടും അദ്ധ്യക്ഷ സ്ഥാനത്തേക്ക് പുതിയൊരു നേതാവിന്റെ പേര് പ്രഖ്യാപിക്കാൻ കഴിഞ്ഞില്ലെന്നും കോൺഗ്രസ് നാഥനില്ലാ കളരിയായെന്നും ശശി തരൂർ എം.പി. വിവിധ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കർണാടകയിലെയും ഗോവയിലെയും തിരിച്ചടി തടയാൻ പാർട്ടി നേതൃത്വമുണ്ടായിരുന്നില്ല. കൂടുതൽ പ്രതിസന്ധികളിലേക്ക് കൂപ്പു കുത്തും മുമ്പ് സംഘടനാ തിരഞ്ഞെടുപ്പു നടത്തി അദ്ധ്യക്ഷനെ കണ്ടെത്തണം. പ്രവർത്തക സമിതിയിലുൾപ്പെടെ യുവാക്കൾ വരണം. അദ്ധ്യക്ഷനില്ലാത്ത അവസ്ഥയിൽ തനിക്ക് ദുഃഖവും അതൃപ്‌തിയുമുണ്ടെന്നും തരൂർ പറഞ്ഞു.
കർണാടക പ്രതിസന്ധിയിൽ ഡി.കെ ശിവകുമാർ വലിയ പോരാട്ടം നടത്തി. പക്ഷേ അദ്ദേഹത്തിനു പിന്തുണ നൽകാൻ ദേശീയതലത്തിൽ നേതാവില്ലാതെ വന്നു. ഗോവയിൽ പ്രതിപക്ഷ നേതാവ് തന്നെ ഭൂരിപക്ഷം എം.എൽ.എമാരെയും കൂട്ടി ബി.ജെ.പിയിലേക്ക് പോയി. ഇനി മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ബി.ജെ.പി അട്ടിമറിക്ക് ശ്രമിക്കും. അതിനെതിരെ നിൽക്കാൻ ധൈര്യമുള്ള അദ്ധ്യക്ഷനെ നിയോഗിക്കണം. നിലവിലെ സാഹചര്യങ്ങളിൽ പലർക്കും പാർട്ടിയിൽ വിശ്വാസം നഷ്ടപ്പെട്ടു. തടുക്കാനും പരിഹരിക്കാനും അദ്ധ്യക്ഷനില്ലാത്ത സ്ഥിതി. എത്ര ആഴ്വ ഇങ്ങനെ സഹിക്കാനാകും. അദ്ധ്യക്ഷനാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.
പുതിയ അദ്ധ്യക്ഷൻ
ഉടനെന്ന് ആൻറണി
കോൺഗ്രസിന് പുതിയ അദ്ധ്യക്ഷൻ ഉടനുണ്ടാകുമെന്ന് പ്രവർത്തക സമിതി അംഗം എ.കെ ആന്റണി പറഞ്ഞു. ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരായ പേരാട്ടത്തിൽ മുന്നണി പോരാളിയായി രാഹുൽ ഗാന്ധിയുണ്ടാകുമെന്നും തരൂരിന്റെ പ്രതികരണത്തിനു പിന്നാലെ ആന്റണി.മാദ്ധ്യമങ്ങളോട് പറഞ്ഞു.