ന്യൂഡൽഹി: ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ പരിഷ്കാരം ലക്ഷ്യമിട്ടുള്ള ദേശീയ മെഡിക്കൽ കമ്മിഷൻ ബിൽ ലോക്‌സഭ പാസാക്കി. നിലവിലെ മെഡിക്കൽ കൗൺസിലിന് പകരം ദേശീയ മെഡിക്കൽ കമ്മിഷൻ രൂപീകരിക്കാൻ ലക്ഷ്യമിടുന്നതാണ് ബിൽ.
ബിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങളെ ഹനിക്കില്ലെന്നും മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുകയാണ് ലക്ഷ്യമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ പറഞ്ഞു. ഏറ്റവും വലിയ പരിഷ്കാരമാണ് നടപ്പാക്കുന്നത്. നിക്ഷിപ്ത താത്പര്യങ്ങൾക്ക് വിരുദ്ധമാണ് ബിൽ. ഇതിലൂടെ ഇൻസ്പെക്‌ഷൻ രാജ് അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഭരണഘടനാ ചട്ടങ്ങളെ കാറ്റിൽ പറത്തുന്നതാണ് ബില്ലെന്ന് ഡി.എം.കെയിലെ എ. രാജ ചൂണ്ടിക്കാട്ടി. പാർലമെന്റ് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി മുന്നോട്ടുവച്ച നിർദ്ദേശങ്ങളൊന്നും ബില്ലിൽ ഉൾപ്പെടുത്തിയില്ലെന്ന് കമ്മിറ്റി അംഗമായിരുന്ന എം.കെ. രാഘവൻ പറഞ്ഞു. ബിസിനസുകാരാണ് നേട്ടമുണ്ടാക്കാൻ പോകുന്നത്. ജനാധിപത്യ സ്വഭാവവും പ്രാതിനിധ്യ സ്വഭാവവുമില്ലാത്ത ഘടനയാണ് കമ്മിഷന്റേതെന്ന് എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. നെക്സ്റ്റ് പരീക്ഷ പാസായില്ലെങ്കിൽ പ്രാക്ടീസ് ചെയ്യാൻ കഴിയില്ലെന്ന നിലപാട് പുനഃപരിശോധിക്കണം. 50 ശതമാനം കുട്ടികളുടെ കാര്യത്തിൽ ഇഷ്ടമുള്ള ഫീസ് വാങ്ങാൻ മാനേജ്‌മെന്റുകൾക്ക് അധികാരം നൽകുന്നത് സാമാന്യനീതിക്ക് നിരക്കുന്നതല്ല.
പ്രധാന നിർദ്ദേശങ്ങൾ
മെഡിക്കൽ കോഴ്സുകളുടെ ഫീസ്, സീറ്റുകളുടെ എണ്ണം എന്നിവയിലടക്കം വിപുലാധികാരങ്ങളുള്ള മെഡിക്കൽ കമ്മിഷൻ രൂപീകരിക്കണം
കമ്മിഷനിൽ 29 അംഗങ്ങൾ. 20 പേരെ നോമിനേറ്റ് ചെയ്യും. ഒമ്പതു പേരെ തിരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കും.
ബിരുദ, ബിരുദാനന്തര വിദ്യാഭ്യാസം, മെഡിക്കൽ അസസ്‌മെന്റ് ആൻഡ് റേറ്റിംഗ്, എത്തിക്‌സ് ആൻഡ് മെഡിക്കൽ രജിസ്‌ട്രേഷൻ ബോർഡുകൾ ചേർന്നതാണ് കമ്മിഷൻ.
എം.ബി.ബി.എസ് അവസാന വർഷ പരീക്ഷ ബിരുദാനന്തര ബിരുദത്തിനുള്ള പ്രവേശനപരീക്ഷയായി കണക്കാക്കും. വിദേശത്ത് പഠിച്ച് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നവരും നാഷണൽ എക്‌സിറ്റ് ടെസ്റ്റ് (നെക്സ്റ്റ്) എന്ന ഈ പരീക്ഷയെഴുതണം.