ന്യൂഡൽഹി: ഉപഭോക്താവിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ദേശീയ ഉപഭോക്തൃ സംരക്ഷണ അതോറിട്ടി രൂപീകരിക്കാൻ ലക്ഷ്യമിടുന്ന ഉപഭോക്തൃ സംരക്ഷണ നിയമം ലോക്‌സഭ പാസാക്കി. പരാതികൾ വേഗത്തിൽ പരിഹരിക്കാൻ അവസരമൊരുക്കുകയാണ് ലക്ഷ്യമെന്ന് ബിൽ അവതരിപ്പിച്ച് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാൻ പറഞ്ഞു. ഗുണമേന്മയില്ലാത്ത ഉത്പന്നങ്ങളിലൂടെയും സേവനങ്ങളിലൂടെയുമുണ്ടാകുന്ന നാശനഷ്ടങ്ങളുടെ ബാദ്ധ്യത നിർമ്മാതാക്കൾക്കും സേവനദാതാക്കൾക്കും ഉറപ്പാക്കി, ഉപഭോക്താവിന് കൂടുതൽ അവകാശങ്ങൾ ലഭ്യമാക്കുന്നതാണ് ബിൽ. ഓൺലൈൻ വ്യാപാര മേഖലയെ കൂടി പരിധിയിൽപ്പെടുത്തുന്ന ബിൽ 1986ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന് പകരമായാണ് കൊണ്ടുവന്നത്. പരാതി പരിഹാരത്തിന് ജില്ലാ,സംസ്ഥാന, ദേശീയ തലങ്ങളിൽ കമ്മിഷനുകൾ, മദ്ധ്യസ്ഥതയിലൂടെ പ്രശ്നപരിഹാരം എന്നിവയും ബിൽ മുന്നോട്ടുവയ്ക്കുന്നു.