ന്യൂഡൽഹി: സംസ്ഥാന ജലപാതകളുടെ വികസനത്തിന് കേന്ദ്രസഹായം ആവശ്യപ്പെട്ട് കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രി മൻസുക്ക് എൽ. മാണ്ഡവ്യയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. കോവളം - കൊല്ലം, കോട്ടപ്പുറം - ബേക്കൽ തീരദേശ ജലപാത ഇപ്പോഴുള്ള 365 കി.മീറ്ററിൽ നിന്ന് 696 കി.മീറ്ററായി നീട്ടണമെന്ന് കേരളം ആവശ്യപ്പെട്ടു. ഈ ആവശ്യം പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നൽകി.
ജലപാത - ജലഗതാഗത വികസനത്തിന് സംസ്ഥാനം രൂപം നൽകിയ കേരള വാട്ടർവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ 49 ശതമാനം ഇക്വിറ്റി കേന്ദ്ര സർക്കാർ എടുക്കണമെന്നും ആവശ്യപ്പെട്ടു. 26 ശതമാനം കേരള സർക്കാരും 25 ശതമാനം കൊച്ചിൻ എയർപോർട്ട് അതോറിട്ടിയും വഹിക്കും. വിഷയത്തിൽ ഇടപെടാമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നൽകി. കൊച്ചിയിൽ ജലഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന് കനാലുകളുടെ വികസനത്തിന് 1300 കോടിയുടെ പ്രോജക്ട് നടപ്പാക്കുന്നതിനും കേന്ദ്രസഹായം ആവശ്യപ്പെട്ടു. തിരുവനന്തപുരം മുതൽ കാസർകോട് വരെ കോസ്റ്റൽ ഷിപ്പിംഗ് പദ്ധതി നടപ്പാക്കണമെന്നും ഉന്നയിച്ചു.
കൊച്ചി - മാലിദ്വീപ് ക്രൂയിസ് പദ്ധതി
കൊച്ചിയിൽ നിന്ന് മാലിദ്വീപിലേക്ക് ക്രൂയിസ് തുടങ്ങുന്നതിന് കേന്ദ്ര സർക്കാരിന് പദ്ധതിയുണ്ടെന്ന് കേന്ദ്രമന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു.